ന്യൂഡൽഹി: ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ കൊവിഡ് വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത മുന്നറിയിപ്പുമായി ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതില്‍ നാലെണ്ണം ചൈനയുടെ പുതിയ വകഭേദമായ ബിഎഫ്7 ആണെന്നും ഐഎംഎ സെക്രട്ടറി ജനറൽ ഡോ. ജയേഷ് ലെലെ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നിവിടങ്ങളിലായി 5.37 ലക്ഷം പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗികള്‍ക്ക് അടിയന്തരമായി മരുന്ന്, ഓക്‌സിജന്‍, ആംബുലന്‍സ് എന്നിവ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഐഎംഎ പറഞ്ഞു. നിലവില്‍ ഇന്ത്യയിലേത് ഭയാനകമായ സാഹചര്യമല്ലെങ്കിലും അത്തരം സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ഐഎംഎ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് സാഹചര്യങ്ങള്‍ക്കെതിരെ പോരാടാന്‍ പ്രതിജ്ഞബദ്ധമാണ്.
പൊതുയിടങ്ങളില്‍ മാസ്‌ക്, സാമൂഹിക അകലം, എന്നിവ കൃത്യമായി പാലിക്കണം. ഇടക്കിടക്ക് കൈകള്‍ അണുവിമുക്തമാക്കണം, പൊതുയോഗങ്ങളും വിദേശ യാത്രകളും ഒഴിവാക്കണം, കൊവിഡ് വാക്‌സിനുകള്‍ കൃത്യമായെടുക്കണം, സര്‍ക്കാറിന്‍റെ ജാഗ്രത നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുകയും വേണമെന്ന് ഐഎംഎ പറഞ്ഞു.