ഡാര്‍ജിലിങ്(പശ്ചിമബംഗാള്‍) : സിലിഗുരി ഇടനാഴിയിലൂടെ അസമിലേക്ക് പന്നികളെ കടത്താനുള്ള ശ്രമം പൊളിച്ച് പശ്ചിമബംഗാള്‍ പൊലീസ്. രണ്ട് വാഹനങ്ങളിലായി മുന്നൂറ് പന്നികളെ കടത്താനായിരുന്നു നീക്കം. പൊലീസ് പന്നികളെയടക്കം വാഹനങ്ങള്‍ പിടിച്ചെടുത്തു. സിലിഗുരി ഇടനാഴി വഴി ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കുമൊക്കെ അനധികൃതമായി ആയുധങ്ങള്‍, പശുക്കള്‍, സ്വര്‍ണം, ഡയമണ്ട് തുടങ്ങിയവ കടത്താറുണ്ട്.
സെന്തില്‍രാജ(40), ഹസ്മൈദൻ(58),തപസ് റോയ്(32), സമ്പു ദാസ്(42) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രണ്ട് ട്രക്കുകളിലായി കൊണ്ടുപോവുകയായിരുന്ന പന്നികളെയാണ് പശ്ചിമബംഗാള്‍ പൊലീസ് പിടികൂടിയത്. അറസ്‌റ്റിലായവരെ സിലിഗുരി സബ്‌ഡിവിഷന്‍ കോടതിയില്‍ ഹാജരാക്കി.
അതേസമയം രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പശ്ചിമബംഗാളിലെ ഫാൻസിഡേവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കാലുജോത് ഗ്രാമത്തില്‍ നിന്ന് പശുക്കളെ കടത്തുന്ന സംഘത്തില്‍പ്പെട്ട ബംഗ്ലദേശ് പൗരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബംഗ്ലാദേശില്‍ നിന്ന് പശുക്കളെ കടത്താനായി താന്‍ അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയതാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇയാളോടൊപ്പം വേറെ ആളുകളും ഉണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ ഇവര്‍ക്ക് കൂട്ടം തെറ്റുകയായിരുന്നു. മറ്റുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെ ഏഴ് ദിവസം കസ്റ്റഡിയില്‍ കിട്ടാനായി കോടതിയില്‍ പൊലീസ് ആവശ്യപ്പെടും. ഇന്ത്യയിലും ഇവര്‍ക്ക് കൂട്ടാളികള്‍ ഉണ്ടോ എന്നുള്ള കാര്യവും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.