വാരണാസി : ഉത്തർപ്രദേശിൽ അഗ്‌നിവീറായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നൈപുണ്യ അധിഷ്‌ഠിത ബാച്ചിലേഴ്‌സ് ഡിഗ്രി കോഴ്‌സുകൾ ആരംഭിച്ചു. അഗ്‌നിവീറായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകുന്നതിന് ഇന്ത്യൻ കര, നാവിക, വ്യോമ സേനകളുമായി ധാരണാപത്രം ഒപ്പുവച്ചതായി വാരണാസിയിലുള്ള ഇഗ്‌നോയുടെ റീജിയണൽ ഡയറക്‌ടർ ഡോ. ഉപേന്ദ്ര നാഭ ത്രിപാഠി അറിയിച്ചു. അഗ്‌നിവീർ പദ്ധതി പ്രകാരം സായുധ സേനയിൽ ചേരുന്നവർക്ക് മറ്റു സ്‌ട്രീമുകളിലും ബിരുദം നേടാവുന്നതാണ്.
അഗ്‌നിവീർ യോജനയുടെ കീഴിൽ കരസേനയിലോ നാവികസേനയിലോ വ്യോമസേനയിലോ ചേരാൻ താൽപ്പര്യമുള്ളവള്ളർക്ക് സേനയിൽ ചേർന്ന ശേഷവും അവരുടെ പഠനം മുന്നോട്ട് കൊണ്ടുപോകാം. ഇതിന് പുറമെ, സർവീസിലിരിക്കെ തന്നെ സൈനികർക്ക് ബിരുദ കോഴ്‌സുകൾ പൂർത്തീകരിക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ കോഴ്‌സിന്‍റെ ഇഗ്‌നോയിലെ പ്രവേശന പ്രക്രിയയെ കുറിച്ച് സർവകലാശാല റീജിയണൽ ഡയറക്‌ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
അഞ്ച് കോഴ്‌സുകളാണ് സ്ഥാപനം അഗ്‌നിവീരര്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്. ഇതിന്‍റെ ഓൺലൈൻ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. ബാച്ചിലർ ഓഫ് കൊമേഴ്‌സ് അപ്ലൈഡ് സ്‌കിൽസ് (BComAS), ബാച്ചിലർ ഓഫ് ആർട്‌സ് അപ്ലൈഡ് സ്‌കിൽസ് (BAAS), ബാച്ചിലർ ഓഫ് സയൻസ് അപ്ലൈഡ് സ്‌കിൽസ് (BScAS), ബാച്ചിലർ ഓഫ് ആർട്‌സ് അപ്ലൈഡ് സ്‌കിൽസ് എംഎസ്‌എംഇ (BAASMSME), ബാച്ചിലർ ഓഫ് ആർട്‌സ് ടൂറിസം മാനേജ്‌മെന്‍റ് (BAASTM) എന്നിവയാണ് അവതരിപ്പിക്കുന്ന കോഴ്‌സുകൾ. സർവീസിലിരിക്കുമ്പോൾ തന്നെ അഗ്‌നിവീരര്‍ക്ക് ഇതിൽ ഏത് ഡിഗ്രിയും പഠിക്കാവുന്നതാണ്.
ഉദ്യോഗാർഥികൾക്ക് http://ignou-deference.smarth.edue.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി കോഴ്‌സിന് അപേക്ഷിക്കാം. ഓഗസ്‌റ്റ് 21 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി. അഡ്‌മിഷന്‍റെ യോഗ്യത മാനദണ്ഡങ്ങൾ, ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് 0542-2368622, 2369629 എന്ന ഹെൽപ്പ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
അഗ്‌നിവീർ ആദ്യ ബാച്ച് : കേന്ദ്ര സർക്കാരിന്‍റെ അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി കരസേനയുടെ അഗ്‌നിവീർ ജവാൻമാരുടെ ആദ്യ ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡ് ഇക്കഴിഞ്ഞ ജൂൺ 17 നാണ് നടന്നത്. ബെംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്‍റിലാണ് ഇവർ പരിശീലനം നേടിയത്. 24 ആഴ്‌ച നീണ്ടു നിന്ന പരിശീലനത്തിലൂടെ 212 ജവാൻമാരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് രാജ്യ സേവനത്തിനായി സജ്ജരായത്.
ഇതിന് മുൻപ് മാർച്ച് 28 ന് നാവിക അഗ്‌നിവീർ ജവാൻമാരുടെ ആദ്യ ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡ് ഐഎൻഎസ് ചിൽക്കയിലാണ് നടന്നത്. 273 വനിത ഉദ്യോഗസ്ഥർ അടക്കം 2600 പേരാണ് പരിശീലനം നേടി രാജ്യത്തിന്‍റെ അഗ്‌നിവീരരായത്.