ഹൈദരാബാദ് : വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത 'ദ കശ്‌മീർ ഫയൽസ്' വള്‍ഗര്‍ പ്രൊപ്പഗന്‍ഡ ചിത്രമാണെന്ന് തുറന്നടിച്ച് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ജൂറി മേധാവി നദവ് ലാപിഡ്. ഗോവ ഐഎഫ്എഫ്ഐയുടെ സമാപന ചടങ്ങിനിടെയാണ് അദ്ദേഹം ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. അടുത്തിടെ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ച സിനിമയാണ് 'ദ കശ്‌മീർ ഫയൽസ്'.
ദ കശ്‌മീർ ഫയൽസിനെ കുറിച്ച് നദവ് ലാപിഡ്: 'ദ കശ്‌മീർ ഫയൽസ്' എന്ന ചിത്രത്തിൽ ഐഎഫ്എഫ്ഐ ജൂറി അതൃപ്തരും അസ്വസ്ഥരുമാണ്. മേളയിലുണ്ടായിരുന്ന 14 അന്താരാഷ്‌ട്ര സിനിമകളും സിനിമാറ്റിക് നിലവാരമുള്ളവയായിരുന്നു. എന്നാൽ 15ാമത്തെ ചിത്രമായ ' ദ കശ്‌മീർ ഫയൽസ്' ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയുടെ കലാപരമായ മത്സര വിഭാഗത്തിന് യോജിച്ചതായിരുന്നില്ല.
ഈ ചിത്രം എങ്ങനെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടുവെന്നതില്‍ അത്ഭുതം തോന്നുന്നു. ഈ വേദിയിൽ നിങ്ങളോട് ഈ വികാരം പങ്കുവയ്ക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. പക്ഷേ കലയുമായി ബന്ധപ്പെട്ട വേദിയില്‍ വിമർശനാത്മക ചര്‍ച്ചയാവാമെന്നതിനാലാണ് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ലാപിഡിനോട് വിയോജിച്ച് ജൂറി അംഗം : സഹ ജൂറി അംഗം സുദീപ്‌തോ സെൻ ലാപിഡിന്‍റെ പ്രസ്‌താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ദ കശ്‌മീർ ഫയൽസിനെ കുറിച്ചുള്ള ലാപിഡിന്‍റെ പ്രസ്‌താവന പൂർണമായും വ്യക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു. താനോ, ജൂറി അംഗങ്ങളായ സ്‌പാനിഷ് ചലച്ചിത്രകാരന്‍ ഹാവിയർ ആംഗുലോ ബാർട്ടൂറനോ ഫ്രഞ്ച് ഫിലിം എഡിറ്റർ പാസ്‌കെൽ ചാവൻസോ തങ്ങളുടെ ഇഷ്‌ടങ്ങളെക്കുറിച്ചോ അനിഷ്‌ടങ്ങളെക്കുറിച്ചോ പരാമർശിച്ചിട്ടില്ലെന്ന് സെൻ ട്വിറ്ററിൽ കുറിച്ചു.
ജൂറി എന്ന നിലയിൽ, ഒരു സിനിമയുടെ സാങ്കേതിക, സൗന്ദര്യാത്മക നിലവാരം, സാമൂഹിക സാംസ്‌കാരിക പ്രസക്തി എന്നിവ വിലയിരുത്താനാണ് തങ്ങൾ നിയോഗിക്കപ്പെട്ടത്. ഒരു സിനിമയെയും കുറിച്ച് ഞങ്ങൾ ഒരു തരത്തിലുമുള്ള രാഷ്‌ട്രീയ അഭിപ്രായങ്ങളിൽ ഏർപ്പെടുന്നില്ല, അഥവാ അങ്ങനെ ചെയ്യുന്നുവെങ്കില്‍ തീർച്ചയായും വ്യക്തിപരമാണെന്നും സെൻ കൂട്ടിച്ചേർത്തു.
പ്രതികരണങ്ങളുമായി കൂടുതൽ താരങ്ങൾ : ' ഇത് ലോകത്തിന് വളരെ വ്യക്തമാണ്' എന്ന കുറിപ്പോടെ ലാപിഡിന്‍റെ പരാമർശങ്ങളെക്കുറിച്ചുള്ള വാർത്ത നടി സ്വര ഭാസ്‌കർ പങ്കുവച്ചു. അതേസമയം ചിത്രത്തെ വിമർശിക്കാൻ ലാപിഡ് ഉപയോഗിച്ച ഭാഷയെ ശക്തമായി എതിര്‍ക്കുന്നതായി അശോക് പണ്ഡിറ്റ് പറഞ്ഞു. അതേസമയം ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവിടങ്ങളുടെ ചാര്‍ജുള്ള ഇസ്രയേൽ അംബാസഡർ നൗർ ഗോലിൻ ചൊവ്വാഴ്‌ച നദവിനെ വിളിച്ച് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ലാപിഡിനെതിരെ വിവേക് അഗ്‌നിഹോത്രി : സത്യമാണ് ഏറ്റവും അപകടകരമായ കാര്യം. അത് ആളുകളെ ചിലപ്പോള്‍ നുണ പറയാൻ പ്രേരിപ്പിക്കും - ഇങ്ങനെയായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം. 'നുണയുടെ ഉയരം എത്രയായാലും ശരി, സത്യവുമായി താരതമ്യപ്പെടുത്തുമ്പോൾ അത് എല്ലായ്‌പ്പോഴും ചെറുതാണ്.' ദ കശ്‌മീർ ഫയൽസിൽ അഭിനയിച്ച അനുപം ഖേർ ലാപിഡിന്‍റെ പരാമർശങ്ങളെ പരാമർശിച്ച് ട്വീറ്റ് ചെയ്‌തു.
ഈ വർഷമാദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ദ കാശ്‌മീർ ഫയൽസ്, 1990കളിലെ ഹിന്ദു പലായനത്തിന്‍റേയും കശ്‌മീരി പണ്ഡിറ്റുകളെ ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങളുടെയും കഥ പറയുന്ന സിനിമയാണ്. 2022ല്‍ ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി ഇതുമാറി.