കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ ബിഷ്‌ണുപൂരിലെ ക്ഷേത്രങ്ങൾ പുതുക്കിപ്പണിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഷ്‌ണുപൂർ ക്ഷേത്രങ്ങളുടെ നാടാണെന്നും ലോകപ്രശസ്‌തമായ നിരവധി ക്ഷേത്രങ്ങൾ ഈ ഭൂമിയിലുണ്ടെങ്കിലും ആരും ഈ ക്ഷേത്രങ്ങളെ പരിപാലിച്ചില്ലെന്നും അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങളെല്ലാം പുതുക്കിപ്പണിയാൻ ബിജെപി സർക്കാർ 100 കോടി രൂപ ചെലവഴിക്കുമെന്നുമാണ് അമിത് ഷാ പറഞ്ഞത്. പശ്ചിമ ബംഗാളിലെ ബിഷ്‌ണുപൂരിൽ നടന്ന പൊതുയോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച അദ്ദേഹം, ദീദിയുടെ ഭരണത്തിൻ കീഴിൽ ബംഗാളിന്‍റെ വികസനം സാധ്യമല്ലെന്നും പറഞ്ഞു. പശ്ചിമ ബംഗാളിൽ കൂടുതൽ കോളജുകൾ നിർമിക്കാനായി 20,000 കോടി രൂപയും ഷാ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. വംഗനാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ശനിയാഴ്‌ചയാണ് ആരംഭിക്കുന്നത്. ഇന്ന് പശ്ചിമ ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണവും അവസാനിച്ചു. 294 അംഗങ്ങളുള്ള നിയമസഭയിലേക്ക് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.