ന്യൂഡൽഹി: രാജ്യത്തുടനീളവും വിദേശത്തുമുള്ള കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇന്ത്യൻ വ്യോമസേന 24 മണിക്കൂറും തങ്ങളുടെ മുഴുവൻ ഹെവി-ലിഫ്റ്റ് വിമാനങ്ങളും മുഴുവൻ ഇടത്തരം വിമാനങ്ങളും ഉപയോഗിക്കാൻ സന്നദ്ധരാണെന്ന് എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
READ MORE: കൊവിഡ് വ്യാപനം; സഹായ ഹസ്‌തവുമായി വ്യോമസേന
എല്ലാ പ്രദേശങ്ങളിലും എത്തുന്നതിനായി വ്യോമസേന വലുതും ഇടത്തരവുമായ വിമാനങ്ങള്‍ വിന്യസിക്കുകയാണെന്നും ഭദൗരിയ പ്രധാനമന്ത്രിയെ അറിയിച്ചതായി പിഎംഒയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
കൊവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ വിവിധ മന്ത്രാലയങ്ങളുമായും ഏജൻസികളുമായും വേഗത്തിൽ ഏകോപനം ഉറപ്പാക്കുന്നതിന് വ്യോമസേന രൂപീകരിച്ച 'കൊവിഡ് എയർ സപ്പോർട്ട് സെല്ലിനെക്കുറിച്ചും' അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. വ്യോമസേനയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ കൊവിഡ് ചികിൽസക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിച്ചെന്നും സാധ്യമാകുന്നിടത്തെല്ലാം സാധാരണക്കാരെ അനുവദിക്കുന്നുണ്ടെന്നും എയർ ചീഫ് അറിയിച്ചു.
READ MORE: ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകൾ ഇന്ത്യ ഇറക്കുമതി ചെയ്തു
ഓക്സിജൻ ടാങ്കറുകളും മറ്റ് അവശ്യവസ്തുക്കളും കൊണ്ടുപോകുന്ന പ്രവർത്തനങ്ങളുടെ വേഗത, അളവ്, സുരക്ഷ എന്നിവ വർദ്ധിപ്പിക്കണമെന്ന് ഭദൗരിയുമായുള്ള അവലോകന യോഗത്തിൽ പ്രധാന മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥർ അണുബാധയിൽ നിന്ന് സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.