ന്യൂഡല്‍ഹി : പ്രമുഖ വാഹന നിര്‍മാതാക്കളായ ഹുണ്ടായ് ഇന്ത്യയുടെ പുതിയ സ്പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) ആയ ക്രേറ്റ ക്നൈറ്റ് എഡിഷന്‍ പുറത്ത്. 13.51 ലക്ഷം മുതല്‍ 18.18 വരെയാണ് ഡല്‍ഹിയില്‍ വാഹനത്തിന്‍റെ എക്സ് ഷോറൂം വില. കൂടുതല്‍ സ്പോര്‍ട്ടി ഡിസൈനോടുകൂടിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയറുകളില്‍ നിരത്തിലിറക്കാം.
പെട്രോള്‍ മോഡലിന് 13.51 ലക്ഷം മുതല്‍ 17.22 വരെയാണ് വില. ഡീസല്‍ വേരിയന്‍റിന് 14.47 ലക്ഷം മുതല്‍18.18 ലക്ഷം വരെയുമാണ് വില. 25 വര്‍ഷമായി ഉപഭോക്താക്കളുടെ മനസുകളില്‍ ഇടംപിടിച്ച ഹുണ്ടായ്, എസ്‌യുവി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണ തൃപ്തി നല്‍കുന്ന രീതിയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നതെന്ന് അറിയിച്ചു.
Also Read: സ്കോഡയുടെ 'ചക്രവർത്തി' ഇന്ത്യൻ വിപണിയില്‍; ജാഗ്രതയോടെ ക്രെറ്റയും സെല്‍റ്റോസും
കറുപ്പ് നിറത്തില്‍ വിവിധ ഇന്‍റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനുകളിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ക്നൈറ്റ് എഡിഷനായി പുതിയ ലോഗോയും കമ്പനി നിര്‍മിച്ചിട്ടുണ്ട്. ക്രെറ്റ പെട്രോൾ എസ് ട്രിമ്മിൽ 12.83 ലക്ഷം രൂപയ്ക്ക് ഐ.എം.റ്റി (ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ) അവതരിപ്പിച്ചതായി കമ്പനി അറിയിച്ചു.
1.4 ടർബോ ജി.ഡി ഐ പെട്രോൾ എഞ്ചിനാണ് വാഹനത്തിലുള്ളത്. വാഹനത്തില്‍ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം ഉൾപ്പടെയുള്ള ഒന്നിലധികം സംവിധാനങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015-ൽ ലോഞ്ച് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായി ക്രെറ്റ മാറിയതായി കമ്പനി അവകാശപ്പെട്ടു.