റാഞ്ചി : പലാമുവിലും ഗര്‍ഹ്വായിലും ഭീകരത സൃഷ്‌ടിച്ച് വിഹരിക്കുന്ന പുള്ളിപ്പുലിയെ പിടിക്കാന്‍ ഹൈദരാബാദില്‍ നിന്നുള്ള ഷാര്‍പ് ഷൂട്ടര്‍ നവാബ് സപത് അലി ഖാന്‍ ജാര്‍ഖണ്ഡിലേക്ക്. പലാമു, ഗര്‍ഹ്വ മേഖലയില്‍ ഒമ്പത് പേരെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. ഇതില്‍ നാലുകുട്ടികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്നാണ് പുലിയെ പിടിക്കാന്‍ ഷാര്‍പ് ഷൂട്ടര്‍ നവാബ് സപത് അലി ഖാനെ ജാര്‍ഖണ്ഡിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പുലിയെ ശാന്തനാക്കി ജീവനോടെ പിടിക്കാനാണ് വനം വകുപ്പിന്‍റെ ഉത്തരവ്. നവാബ് സപത് അലി ഖാന്‍ പുലിയെ ജീവനോടെ പിടിക്കുന്നതിലും വിദഗ്‌ധനാണ്.
അടുത്ത ദിവസങ്ങളില്‍ പുലിയെ നരഭോജിയായി പ്രഖ്യാപിക്കും. പുലിയ്ക്കായി വനംവകുപ്പ് വിവിധ ഇടങ്ങളില്‍ തെരച്ചില്‍ നടത്തുകയാണ്. പുലി ഭീകരത തടയാന്‍ ഗര്‍ഹ്വയില്‍ വനം വകുപ്പ് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ 100 മീറ്ററിലുമാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഒരു ഡസനില്‍ അധികം ഇലക്‌ട്രിക് കൂടുകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇലക്‌ട്രിക് കൂടിനുള്ളില്‍ ആടിനെ പാര്‍പ്പിച്ചാണ് പുലിയെ പിടിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.