ഹൈദരാബാദ്: തെറ്റായ ദിശയിൽ വന്ന വാഹനത്തെ തടഞ്ഞ് നിർത്തിയ ട്രാഫിക് പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് വാഹനത്തിന് തീ കൊളുത്തി ബൈക്ക് യാത്രികൻ. ഹൈദരാബാദിലെ അന്നപൂർണ ബ്ലോക്കിലാണ് സംഭവം. തിങ്കളാഴ്‌ച (ഒക്‌ടോബർ 3) വൈകിട്ട് അമീർപേട്ട് മെട്രോ സ്‌റ്റേഷന് താഴെയായി യു ടേൺ എടുത്ത് എതിർവശത്തെ തന്‍റെ മൊബൈൽ ഷോപ്പിലേക്ക് പോകാൻ ശ്രമിച്ച യെല്ലറെഡ്ഡിഗുഡ സ്വദേശി അശോകിനെ(45) ട്രാഫിക് ഉദ്യോഗസ്ഥനായ അസ്‌ഗർ തടഞ്ഞു.
തെറ്റായ ദിശയിൽ പോകുന്നത് വിലക്കിയ ഉദ്യോഗസ്ഥൻ ബൈക്കിന്‍റെ താക്കോൽ ഊരി എടുക്കുകയും ചെയ്‌തു. തന്‍റെ കട എതിർവശത്താണെന്നും പോകാൻ അനുവദിക്കണമെന്നും അശോക് പറഞ്ഞെങ്കിലും ട്രാഫിക് ഉദ്യോഗസ്ഥൻ പോകാൻ അനുവദിച്ചില്ല. തുടർന്ന്, ദേഷ്യം വന്ന അശോക് തന്‍റെ കടയിൽ കയറി കുപ്പിയിൽ പെട്രോൾ കൊണ്ടുവന്ന് ബൈക്കിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ബൈക്ക് പൂർണമായും കത്തി നശിച്ചു. വില കൂടിയ പല കാറുകളും അതേ ദിശയിൽ യു ടേൺ എടുത്ത് സഞ്ചരിച്ചിരുന്നെങ്കിലും പൊലീസ് തടഞ്ഞിരുന്നില്ല എന്നാണ് അശോകിന്‍റെ ആരോപണം. അശോകിനെ എസ്ആർ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. തെറ്റായ ദിശയിൽ സഞ്ചരിച്ചതിനാലാണ് അശോകിനെ ഉദ്യോഗസ്ഥൻ തടഞ്ഞതെന്നും ഇത്തരത്തിൽ തെറ്റായ ദിശയിലുള്ള സഞ്ചാരം മറ്റ് യാത്രക്കാർക്ക് അപകടമാകുമെന്നും ഹൈദരാബാദ് ട്രാഫിക് ഡിപ്പാർട്മെന്‍റ് ജോയിന്‍റ് കമ്മിഷണർ എ വി രംഗനാഥ് പറഞ്ഞു.
Also read: കൂലി മുഴുവന്‍ നല്‍കാത്തതില്‍ അരിശം; തൊഴിലാളി വീട്ടുടമയുടെ മെഴ്‌സിഡസ് ബെന്‍സിന് തീയിട്ടു