ഹൈദരാബാദ്: നഗരത്തിൽ ദുരഭിമാനക്കൊല. വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചുവെന്ന പേരിൽ യുവതിയുടെ മുന്നിൽ വച്ച് ബന്ധുക്കൾ ഭർത്താവിനെ വെട്ടിക്കൊന്നു. രംഗറെഡ്ഡി ജില്ലയിലെ മാർപള്ളി ഗ്രാമത്തിലെ വില്ലുപുരം നാഗരാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
പൊലീസ് നൽകുന്ന വിവരം: ഹൈദരാബാദിലെ സരൂർ നഗർ പൊലീസ് സ്റ്റേഷൻ പരിതിയിലെ ജിഎച്ച്എംസി ഓഫിസ് റോഡിൽ ബുധനാഴ്‌ച രാത്രി (മെയ് 4) ഒമ്പത് മണിയോടെയാണ് സംഭവം. ഏഴുവർഷമായി പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്‌റിൻ സുൽത്താനയും ജനുവരി 31നാണ് വിവാഹിതരായത്. ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന അഷ്‌റിന്‍റെ വീട്ടുകാർ പലപ്പോഴായി നാഗരാജിനെ താക്കീത് ചെയ്‌തിരുന്നു.
എന്നാൽ ബന്ധത്തിൽ ഉറച്ചുനിന്ന നാഗരാജ് അഷ്‌റിനെ വിവാഹം ചെയ്യുന്നതിനായി ഹൈദരാബാദിലെ ഒരു പ്രമുഖ കാർ കമ്പനിയിൽ സെയിൽസ്‌മാനായി ജോലിക്ക് ചേർന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതമില്ലാതെ ജനുവരി 31ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. വിവാഹശേഷം നാഗരാജ് മറ്റൊരു ജോലിയിലേക്ക് മാറി.
ALSO READ: ലവ് ജിഹാദിൽ കുടുക്കി മകളെ വിവാഹം ചെയ്‌തുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ; യുവാവിനെതിരെ കേസെടുത്തു
ദമ്പതികൾ ഒന്നിച്ച് ഹൈദരാബാദിൽ താമസിക്കുന്ന വിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് ഇവര്‍ രണ്ട് മാസം മുമ്പാണ് വിശാഖപട്ടണത്തേക്ക് താമസം മാറി. അഞ്ച് ദിവസം മുമ്പ് ഇവർ വീണ്ടും ഹൈദരാബാദിലേക്ക് താമസം മാറി. സരൂർ നഗറിലെ അനിൽകുമാർ കോളനിയിലെ പഞ്ചയിലേക്കാണ് ദമ്പതികൾ മാറിയത്.
ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്ന അഷ്‌റിന്‍റെ കുടുംബാംഗങ്ങൾ നാഗരാജിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. ശേഷം ബുധനാഴ്‌ച രാത്രി കോളനിയിൽ നിന്ന് ദമ്പതികൾ പുറത്തേക്കിറങ്ങിയ സമയം അഷ്‌റിന്‍റെ സഹോദരനും സുഹൃത്തും ബൈക്കിൽ പിന്തുടർന്നെത്തി നാഗരാജിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടിയും വാളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മതം മാറാൻ സമ്മതിച്ചിട്ടും വഴങ്ങിയില്ല: നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തി. പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം സംബന്ധിച്ച തെളിവുകൾ ശേഖരിച്ചതായി എസിപി ശ്രീധരറെഡ്ഡി പറഞ്ഞു.
സംഭവത്തിന് ശേഷം നാഗരാജിന്‍റെ ബന്ധുക്കൾ അഷ്‌റിനെ കൂട്ടിക്കൊണ്ടുപോയി. തനിക്ക് വേണ്ടി മതം മാറാമെന്ന് നാഗരാജ് പറഞ്ഞിട്ടും വീട്ടുകാർ വഴങ്ങിയില്ലെന്നും ഇതിനെ തുടർന്നാണ് തങ്ങൾ വീട്ടുകാരുടെ സമ്മതം കൂടാതെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും അഷ്‌റിൻ പൊലീസിനോട് പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ പൊലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.