ന്യൂഡല്‍ഹി : ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടായ കാലതാമസത്തില്‍ ഹൈദരാബാദ് പൊലീസിനോട് വിശദീകരണം തേടി ദേശീയ ബാലാവകാശ കമ്മിഷന്‍. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. പ്രായപൂര്‍ത്തിയാകാത്തവരെ പ്രവേശിപ്പിച്ചതിന് നഗരത്തിലെ പബ്ബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'മെയ് 28നാണ് സംഭവം നടന്നതായി പറയപ്പെടുന്നത്. എന്നാല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് മെയ് 31ന്, അതായത് സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം. സംഭവത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത് ആശങ്കയുളവാക്കുന്നു.
പബ്ബ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണം : അതിന്‍റെ കാരണങ്ങൾ വിശദീകരിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും കമ്മിഷനെ അറിയിക്കുകയും വേണം' - ഹൈദരാബാദ് പൊലീസിനയച്ച കത്തില്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവരെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് പബ്ബ് അധികൃതര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ കത്തില്‍ പറയുന്നു. മെയ് 28ന് പകല്‍ പബ്ബില്‍ വച്ച് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്‌തത്.
പെണ്‍കുട്ടിയുടെ വയസ്, എഫ്‌ഐആറിന്‍റെ പകര്‍പ്പ്, പെണ്‍കുട്ടിയുടെ മൊഴിയുടെ പകര്‍പ്പ്, ചാര്‍ജ് ഷീറ്റിന്‍റെ പകര്‍പ്പ്, അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട്, പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടി എന്നീ വിവരങ്ങള്‍ കേസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. അന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് പറയുന്നത് പ്രകാരം, മെയ് 31നാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്.
Read more: ഹൈദരാബാദ് കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ 3 പേര്‍ കൂടി പിടിയില്‍
പെണ്‍കുട്ടി ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടാകാമെന്നും എന്നാല്‍ മാനസിക ആഘാതത്തിലായതിനാല്‍ പെണ്‍കുട്ടി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
പ്രായപൂർത്തിയാകാത്ത മൂന്ന് പേര്‍, പതിനെട്ടുകാരനായ മറ്റൊരു പ്രതി എന്നിവര്‍ക്കെതിരെ പ്രഥമ ദൃഷ്‌ട്യാ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. മെയ് 28ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ പബ്ബിന് മുന്നില്‍ പകല്‍ സമയത്താണ് പതിനേഴുകാരിയെ ബലാത്സംഗം ചെയ്‌തത്. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് നിർത്തിയിട്ട ആഡംബര കാറില്‍ കയറ്റിയാണ് പ്രതികള്‍ ബലാത്സംഗം ചെയ്‌തത്.