ഹൈദരാബാദ്: തമിഴ്‌നാട്ടിലെ പാവങ്ങളുടെ അഞ്ച് രൂപ ഡോക്ടറേ കുറിച്ച് എല്ലാവര്‍ക്കും കേട്ട് പരിചയമുണ്ടാകും. സമാനമായ രീതിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് രൂപയ്‌ക്ക് ചികിത്സയും മരുന്നും നല്‍കി ആരോഗ്യമേഖലയ്‌ക്ക് തന്നെ അഭിമാനമാവുകയാണ് ഹൈദരാബാദ് ബോദുപ്പലിലെ ഡോ.വിക്ടര്‍ ഇമ്മാനുവല്‍. 2018 മുതല്‍ ബോദുപ്പലിലേയും പരിസര പ്രദേശങ്ങളിലെയും ചികിത്സിക്കാന്‍ പണം ഇല്ലാത്ത രോഗികള്‍ക്ക് ഡോ.വിക്ടര്‍ ഇമ്മാനുവലിന്‍റെ സേവനം ലഭിക്കുന്നുണ്ട്. വെള്ള റേഷന്‍കാര്‍ഡ് കൈവശമുള്ളവര്‍ പത്ത് രൂപ ചികിത്സയ്‌ക്ക് നല്‍കണം. അതേസമയം സൈനീകര്‍ക്ക് ചികിത്സ സൗജന്യമാണ്. 'ദരിദ്രരായ ആളുകളെ സേവിക്കുക അവർക്ക് മിതമായ നിരക്കിൽ ചികിത്സ നൽകുക എന്ന ഏക ലക്ഷ്യത്തോടെയാണ് ഞാൻ ഈ ക്ലിനിക്ക് ആരംഭിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍, ഭക്ഷ്യ സുരക്ഷാ കാർഡുകളുള്ളവര്‍, വെള്ള റേഷൻ കാർഡുകാര്‍ കൃഷിക്കാർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, അനാഥര്‍, ഭിന്നശേഷിക്കാർ, സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങൾ എന്നിവര്‍ക്ക് സൗജന്യ ചികിത്സ നല്‍കി വരുന്നു. വിവിധ ലാബ് ടെസ്റ്റുകളുടെയും മരുന്നുകളുടെയും വില കുറയ്ക്കാൻ ശ്രമങ്ങള്‍ നടത്തിവരികയുമാണ്.' ഡോ.വിക്ടര്‍ പറഞ്ഞു.
നിര്‍ധനരുടെ ഡോക്ടർ
പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന നൂറിലധികം രോഗികളെ പ്രതിദിനം ഡോ.വിക്ടര്‍ ചികിത്സിക്കുന്നുണ്ട്. കൂടാതെ നിരവധി കൊവിഡ് രോഗികളെയും പരിപാലിക്കുന്നുണ്ട്. ചിലപ്പോൾ അർധരാത്രി വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. ഒരു ദിവസം 150 രോഗികൾക്ക് വരെ ചികിത്സ നൽകും. കഴിഞ്ഞ ഒരു വർഷത്തിനിടെ 20000 മുതൽ 25000 വരെ കൊവിഡ് രോഗികള്‍ക്ക് വിക്ടറും കൂട്ടരും ചേര്‍ന്ന് ചികിത്സ നൽകി. തുടക്കത്തിൽ വെറും 10 രൂപ ഈടാക്കി ഒരു ക്ലിനിക് നടത്തുക പ്രയാസമായിരുന്നു എന്നിരുന്നാലും, ഈ ക്ലിനിക്കിന് പിന്നിലെ ഉദ്ദേശം ആളുകൾ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ കൂടുതല്‍ സഹായങ്ങള്‍ എത്തി തുടങ്ങി. ഒരിക്കല്‍ ഒരു സ്ത്രീ ആശുപത്രിക്ക് മുമ്പിലിരുന്ന് ഐസിയുവില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് ഭിക്ഷ യാചിക്കുന്ന സംഭവം താന്‍ കണ്ടുവെന്നും അന്ന് മുതലാണ് നിര്‍ധനരെ സഹായിക്കാന്‍ ഇത്തരമൊരു ക്ലിനിക്ക് ആരംഭിച്ചതെന്നും ഡോ.വിക്ടര്‍ സാമുവല്‍ പറഞ്ഞു.
Also read: ഡോക്ടർക്കെതിരെ ആക്രമണം : നാല് പേര്‍ അറസ്റ്റിൽ
താങ്ങാകുന്ന 'സ്നേഹ ഹസ്തം'
ഇന്ന് തന്‍റെ ഈ പ്രവൃത്തിക്ക് പൂര്‍ണ പിന്തുണയേകി കുടുംബാഗങ്ങളും ഡോക്ടറായ ഭാര്യയും സദാസമയവും കൂടെയുണ്ടെന്നും ഡോ.വിക്ടര്‍ പറയുന്നു. 'എന്തിനാണ് പത്ത് രൂപ ചികിത്സയ്‌ക്ക് ഈടാക്കുന്നത്....? സൗജന്യ ചികിത്സ നല്‍കിക്കൂടേ...?' എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും ഡോ.വിക്ടര്‍ പറഞ്ഞു. 'ചിലരുടെ കരുണകൊണ്ടാണ് തനിക്ക് ഇന്ന് ഈ ചികിത്സ ലഭിക്കുന്നതെന്ന് ആര്‍ക്കും തോന്നലുണ്ടാകാതിരിക്കാനാണ് പത്ത് രൂപ ഈടാക്കാന്‍ തീരുമാനിച്ചതെന്നും' വിക്ടര്‍ വിശദീകരിച്ചു. കൊവിഡും ലോക്ക്‌ഡൗണും മൂലം ഭക്ഷ്യവസ്‌തുക്കള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ വിക്ടര്‍ ഡോക്ടര്‍. അതിനായി അദ്ദേഹം സ്നേഹ ഹസ്തം എന്ന പേരില്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു. ക്ലിനിക്ക് വിപുലമാക്കി കൂടുതല്‍ ആളുകള്‍ക്ക് ചെറിയ ചെലവില്‍ ചികിത്സ ലഭ്യമാക്കുകയാണ് തന്‍റെ ജീവിത ലക്ഷ്യമെന്നും വിക്ടര്‍ ഡോക്ടര്‍ പറയുന്നു.