ഹൈദരാബാദ് : ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ഹവാല തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. തർണക സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സാഹിൽ ബജാജ്, പങ്കജ്, വീരേന്ദർ സിംഗ്, സഞ്ജയ് യാദവ്, നവനീത് കൗശിക്, മുഹമ്മദ് പർവേസ്, സയ്യിദ് സുൽത്താൻ, മിർസ നദീം ബെയ്‌ഗ് എന്നിവരും ചൈനീസ് സ്വദേശി ലി ജോങ്‌ജുങ്, തായ്‌വാൻ പൗരനായ ചു ചുൻ-യു എന്നിവരുമാണ് പിടിയിലായത്.
ലോക്‌സാം (LOXAM) എന്ന നിക്ഷേപക ആപ്പിൽ 1.6 ലക്ഷം രൂപ നിക്ഷേപിച്ചെന്നും എന്നാൽ തന്‍റെ പണം നഷ്‌ടപ്പെട്ടു എന്നും കാട്ടിയാണ് തര്‍ണക സ്വദേശി പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പണം ഇൻഡസിന്‍ഡ് ബാങ്കിൽ സിൻഡായി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (Xindai Technologies Pvt Ltd) എന്ന അക്കൗണ്ടിൽ നിക്ഷേപിച്ചതായി കണ്ടെത്തി. ഈ അക്കൗണ്ട് തുടങ്ങിയത് വിരേന്ദർ സിങ് ആണെന്ന് പൊലീസ് കണ്ടെത്തി.
തുടർന്ന് പൂനെയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ജാക്ക് എന്നൊരാളുടെ ആവശ്യപ്രകാരമാണ് സിൻഡായി ടെക്‌നോളജീസിന്‍റെ പേരിൽ അക്കൗണ്ട് തുടങ്ങിയതെന്നും അക്കൗണ്ടിന്‍റെ ഇന്‍റർനെറ്റ് ബാങ്കിംഗ് യൂസർ നെയിമും പാസ്‌വേഡും ജാക്കിന് നൽകിയതായും വിരേന്ദർ സിങ് പൊലീസിനെ അറിയിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ ബെറ്റെഞ്ച് നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡ് (Betench Networks Pvt Ltd) എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലും സിൻഡായി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ അക്കൗണ്ടിലും നൽകിയിരിക്കുന്ന മൊബൈൽ നമ്പരുകൾ ഒന്നാണെന്നും പൊലീസ് കണ്ടെത്തി. ഡൽഹി സ്വദേശിയായ സഞ്ജയ് കുമാറാണ് ഈ ബാങ്ക് അക്കൗണ്ട് തുറന്നതെന്നും പിടിയിലായ ചൈനീസ് പൗരന് അക്കൗണ്ട് വിവരങ്ങൾ നൽകി എന്നും പൊലീസ് കണ്ടെത്തി.
ഓരോ അക്കൗണ്ടിനും ലക്ഷങ്ങൾ കമ്മിഷൻ : ഇത്തരത്തിൽ സഞ്ജയ് കുമാർ 15 ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതായും ഇവയുടെ വിവരങ്ങൾ പിടിയിലായ ചൈനീസ്, തായ്‌വാൻ പൗരൻമാർക്ക് അയച്ച് നൽകിയതായും പൊലീസ് കണ്ടെത്തി. ഇതിൽ ഓരോ അക്കൗണ്ടിനും സഞ്ജയ് യാദവിനും വീരേന്ദർ റാത്തോറിനും 1.2 ലക്ഷം വീതം കമ്മിഷനും ലഭിച്ചിരുന്നു. സിൻഡായി ടെക്‌നോളജീസിന്‍റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മറ്റ് 38 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്‌ഫർ ചെയ്‌തത്.
ഇതിൽ പിടിയിലായ പ്രതികളുടെ അക്കൗണ്ടുകളിലേക്കും പണം എത്തിയിരുന്നു. ഇവ രഞ്ജൻ മണി കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന അക്കൗണ്ടിലേക്കും കെഡിഎസ് ഫോറെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അക്കൗണ്ടിലേക്കും പ്രതികൾ അയച്ചു. ഇത്തരത്തിൽ എത്തുന്ന പണം ഡോളറുകളായി മാറ്റി ഹവാല ഇടപാടുകൾ വഴി വിദേശത്തേക്ക് പ്രതികൾ കടത്തുകയായിരുന്നു.
ഇത്തരത്തിൽ രഞ്ജൻ മണി കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അക്കൗണ്ടിൽ ഏഴ് മാസത്തിനിടെ 441 കോടിയുടെ ഇടപാടുകൾ നടന്നതായും കെഡിഎസ് ഫോറെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അക്കൗണ്ടിൽ 462 കോടി രൂപയുടെ ഇടപാടുകൾ നടന്നതായും അന്വേഷണ സംഘം കണ്ടെത്തി. നിലവിൽ കേസുമായി ബന്ധപ്പെട്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 1.91 കോടി രൂപ അന്വേഷണസംഘം മരവിപ്പിച്ചിട്ടുണ്ട്.