ഹൈദരാബാദ്: ഹൈദരാബാദ് ബൻജാര ഹിൽസിലെ പബ്ബിലും ബാറിലും നടന്ന റെയിഡില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ അറസ്റ്റില്‍ കൂടുതല്‍ നടപടി. റാഡിസൺ ബാർ, പുഡ്ഡിങ് ആന്‍ഡ് മിങ്ക് പബ്ബ് എന്നിവയുടെ ലൈസൻസ് സംസ്ഥാന എക്സൈസ് കമ്മിഷണർ സർഫറാസ് അഹമ്മദ് റദ്ദാക്കി. തിങ്കളാഴ്‌ചയാണ് (04.04.22) ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അധിക തുക നൽകി അനുമതി: പബ്ബ് ഉടമകളായ അഭിഷേക് ഉപ്പല്‍, കിരൺ രാജ്, അനിൽകുമാര്‍, അര്‍ജുന്‍ എന്നിവരാണ് പിടിയിലായത്. അഭിഷേക് ഉപ്പല്‍ ഒന്നാം പ്രതിയായ കേസില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിരൺ രാജ് നാലാം പ്രതിയാണ്. 2022 സെപ്റ്റംബർ 30 വരെ 24 മണിക്കൂറും മദ്യം വിൽക്കാൻ 56,66,700 രൂപ അധിക തുക നൽകിയാണ് ബാര്‍ അനുമതി നേടിയത്.
ഇതേ പെർമിറ്റോടെ പബ്ബുകളിൽ മദ്യ വിൽപന നടത്തി. പുറമെ മയക്കുമരുന്ന് വിൽപനയും നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് ഇവരെ റിമാൻഡ് ചെയ്‌തു. ചഞ്ചൽഗുഡ ജയിലിൽ കഴിയുന്ന ഇരുവരെയും ഒരാഴ്‌ചത്തേക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാമ്പള്ളി കോടതിയിൽ കസ്റ്റഡി ഹർജി നൽകി.
ഉന്നത ബന്ധം ഭയന്ന് നടപടിയില്ല: പബ്ബിന്‍റെ അലമാരയിൽ നിന്നും പൊലീസ് അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. കുറച്ച് വർഷങ്ങളായി പബ്ബ് നടത്തുന്ന കിരൺ രാജ്, നാല് വർഷം മുന്‍പ് അഭിഷേക് ഉപ്പലിന് പാട്ടത്തിന് നൽകി. നിലവില്‍ പാര്‍ട്‌ണരായി തുടരുന്ന ഇയാളുടെ പേര് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്‌തു. മുൻ കേന്ദ്രമന്ത്രിയുടെ മരുമകനാണ് കിരൺ രാജ്.
രാഷ്‌ട്രീയ നേതാക്കളുടെയും മറ്റ് പ്രമുഖരുമായുമുള്ള ബന്ധം ഭയന്നാണ് എക്സൈസും പൊലീസും നേരത്തെ പരിശോധന നടത്താതിരുന്നതെന്നാണ് വിവരം. ഞായറാഴ്ച നടത്തിയ റെയ്‌ഡിനിടെ മാനേജർ അനിൽകുമാറിനെയും മറ്റൊരു ഉടമസ്ഥനായ അഭിഷേക് ഉപ്പളയെയും ചോദ്യം ചെയ്യുന്നതിനിടെ ഒരാൾ പബ്ബിൽ എത്തിയതില്‍ പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇയാളുടെ മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുത്തു.
ഇയാൾ ഗോവയിലേക്ക് പതിവായി യാത്രകൾ നടത്തിയിരുന്നതായും കൊക്കെയ്ൻ വിതരണത്തിൽ പങ്കുള്ളതായും സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാർട്ടിക്ക് വന്നവര്‍ ഇയാളുടെ അടുത്ത് ഇരുന്നതായും കുറച്ച് മിനിറ്റ് സംസാരിയ്‌ക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
വാരാന്ത്യങ്ങളിൽ മയക്കുമരുന്ന് പാർട്ടി: പബ്ബിലുണ്ടായിരുന്ന യുവാവിനെതിരെ രണ്ട് തവണ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇയാൾക്കൊപ്പം രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. 20 വയസില്‍ താഴെയുള്ളവരാണ് ഇവര്‍. 21 താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതിനും പബ്ബില്‍ പ്രവേശിപ്പിച്ചതിനെതിരെയുമാണ് കേസ്. ബൻജാര ഹിൽസ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാരാന്ത്യങ്ങളിൽ മയക്കുമരുന്ന് പാർട്ടികള്‍ നടക്കുന്നതായി കണ്ടെത്തി.
ഈ വാരാന്ത്യ പാർട്ടികളിലെ അതിഥികൾ ഉന്നതരായ ആളുകളാണെന്ന് അധികൃതര്‍ പറഞ്ഞു. 30-40 പേർ വരെ വന്ന് കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. 2019 ലും 2021 ലും പുഡ്ഡിംഗ് ആൻഡ് മിങ്ക് പബ്ബില്‍ അമിതമായി മദ്യം വിറ്റതിന് ബൻജാര ഹിൽസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
നടപടി ഏപ്രില്‍ മൂന്നിന് പുലർച്ചെ: പൊലീസ് ടാസ്‌ക്‌ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ തെലുങ്ക് മെഗാസ്‌റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവളും നടിയുമായ നിഹാരിക കൊനിഡേല അടക്കം 144 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഏപ്രില്‍ മൂന്നിന് പുലർച്ചെ മൂന്നുമണിയ്‌ക്കാണ് പൊലീസ് നടപടി.
നിഹാരികയ്‌ക്ക് പുറമെ ബിഗ്ബോസ് ജേതാവായ ഗായകൻ രാഹുൽ സിപ്ലിഗഞ്ചും പബ്ബ് ഉടമയും പൊലീസ് കസ്റ്റഡിയിലായിരുന്നു. നിഹാരികയ്ക്ക്, പിന്നീട് ഹാജരാകാന്‍ നോട്ടിസ് നൽകി വിട്ടയച്ചു. അതേസമയം, വിദ്യാർഥികളും ഐ.ടി ജീവനക്കാരുമാണ് ഹൈദരാബാദില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ALSO READ | കസ്റ്റഡിയിലായ 144 പേരില്‍ ചിരഞ്ജീവിയുടെ അനന്തരവളും ; പബ്ബിലെ റെയ്‌ഡില്‍ കണ്ടെത്തിയത് വിവിധ മയക്കുമരുന്നുകള്‍
ഐ.ടി ജീവനക്കാരനായ ഭൂപതി പ്രമോദ്, നിമ്മഗദ്ദ സായ് വിഘ്നേഷ് എന്ന യുവാവും ഇതിനിടെ ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്‍റിന്‍റെ പിടിയിലായി. ജവഹർ നഗറിലെ ഐ.ടി ജീവനക്കാരനായ ഭൂപതിയ്‌ക്ക് പ്രതിമാസം 50,000 ശമ്പളമായി ലഭിക്കുന്നുണ്ട്. എന്നാല്‍, പെട്ടെന്ന് പണമുണ്ടാക്കാന്‍ അദ്ദേഹം ഹാഷിഷ് ഓയിൽ വിൽപ്പന നടത്തുകയായിരുന്നു.
ലിറ്ററിന് ഏകദേശം നാല് ലക്ഷം രൂപ സമ്പാദിക്കുന്നതായി റിപ്പോർട്ടുണ്ട്. നിമ്മഗദ്ദ സായ്, എൽ.എസ്.ഡി സ്‌റ്റാമ്പുകള്‍ 3,000 രൂപയ്ക്ക് സർവകലാശാല വിദ്യാർഥികൾക്ക് വിറ്റെന്ന് പൊലീസ് കണ്ടെത്തി.
മയക്കുമരുന്ന് ഉപയോഗിച്ചത് ആരൊക്കെ ?: സംഭവത്തില്‍, സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ മക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തിയത് അറിഞ്ഞ് ലഹരി ഉപയോഗിച്ചവര്‍ മയക്കുമരുന്ന് വലിച്ചെറിഞ്ഞതെന്നാണ് നിഗമനം. എന്നാല്‍ നടി മയക്കുമരുന്ന് ഉപയോഗിച്ചതിനെക്കുറിച്ച് വ്യക്തതയില്ല.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ മയക്കുമരുന്ന് ഉപയോഗിച്ച ആളുകളെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. നടിയും സുഹൃത്തുക്കളും ശനിയാഴ്‌ച രാത്രി മുതല്‍ പബ്ബിലുണ്ടായിരുന്നു.