ഹൈദരാബാദ്: സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അശ്വിൻ എന്നയാൾ ഇന്ന് ഓഫീസിലെത്തിയപ്പോഴാണ് ലാപ്‌ടോപ് എടുക്കാൻ മറന്നകാര്യം ശ്രദ്ധയില്‍ പെട്ടത്. പക്ഷേ തിരികെ വീട്ടില്‍ പോയി ലാപ്‌ടോപ്പ് എടുക്കുന്നതിന് പകരം മറ്റെന്തെങ്കിലും മാർഗത്തില്‍ ലാപ്ടോപ് ഓഫീസിലെത്തിക്കാൻ കഴിയുമോ എന്നാണ് അശ്വിൻ ആലോചിച്ചത്. കാരണം, സമയ നഷ്‌ടം, ഓഫീസില്‍ പുറത്തുപോകാനുള്ള അനുമതി എന്നിവയെല്ലാം ഹൈദരാബാദ് സ്വദേശിയായ അശ്വിനെ മറ്റെന്തെങ്കിലും മാർഗത്തെ കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിച്ചു.
അങ്ങനെയാണ് റാപ്പിഡോ (Rapido) ബൈക്ക് ടാക്‌സി Bike Taxi app ബുക്ക് ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചത്. ഉടൻ തന്നെ അശ്വിൻ ഒരു റാപ്പിഡോ ബുക്ക് ചെയ്‌തു. പക്ഷേ ട്വിസ്റ്റ് അവിടെയാണ്. റാപ്പിഡോ ബുക്ക് ചെയ്‌ത് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ലാപ്‌ടോപ്പ് ഓഫീസില്‍ എത്താത്തതിനെ തുടർന്ന് റാപ്പിഡോ ഡ്രൈവറെ ഫോണില്‍ വിളിച്ചപ്പോൾ ലഭിച്ച മറുപടി കേട്ട് അശ്വിൻ ഞെട്ടി.
30000 രൂപ തന്നാല്‍ മാത്രമേ ലാപ്‌ടോപ്പ് നല്‍കാൻ കഴിയൂ എന്നാണ് റാപ്പിഡോ ഡ്രൈവർ അശ്വിനോട് പറഞ്ഞത്. അത് മാത്രമല്ല, പണം തന്നില്ലെങ്കില്‍ ലാപ്‌ടോപ്പിലെ സ്വകാര്യവും ഔദ്യോഗികവുമായ വിവരങ്ങൾ നീക്കം ചെയ്യുമെന്നും റാപ്പിഡോ ഡ്രൈവർ അശ്വിനോട് പറഞ്ഞു. ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടിയ അശ്വിൻ സ്വയം സംയമനം പാലിച്ച് ഹൈദരാബാദ് മസാബ്ടാങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ലഭിച്ച വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ പൊലീസ് റാപ്പിഡോ ഡ്രൈവറെ അതിവേഗം പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്നുള്ള ഗോവർധൻ റെഡ്ഡി എന്നയാളാണ് പിടിയിലായത്. അശ്വിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.