കട്ടക് (ഒഡിഷ): ഭാര്യ മറ്റൊരാളുമായി പ്രണയത്തിൽ ആണെന്ന് അറിയുന്ന ഭർത്താവ്, ഒടുവില്‍ പങ്കാളിയെ അവൾക്ക് ഇഷ്‌ടമുള്ള ആളിനെ വിവാഹം കഴിക്കാൻ സഹായിക്കുന്നു. സഞ്ജയ് ലീല ബൻസാലിയുടെ 'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയുടെ കഥയല്ല ഇത്. ഒഡിഷയിലെ കട്ടക്കിൽ നടന്ന, ഒരു സിനിമ പോലെ തോന്നിപ്പിക്കുന്ന യഥാർഥ സംഭവമാണ്.
അജയ് ദേവ്ഗൺ, സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവർ അഭിനയിച്ച ചിത്രമാണ് 'ഹം ദിൽ ദേ ചുകേ സനം'. ത്രികോണ പ്രണയ കഥ പറഞ്ഞ ചിത്രം ബ്ലോക്ക്‌ബസ്റ്റർ ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്‌തിരുന്നു. പ്രശസ്‌ത സംഗീതജ്ഞന്‍റെ മകളായ നന്ദിനി ഇറ്റലിയിൽ നിന്നും സംഗീതം പഠിക്കാനായി എത്തുന്ന സമീറുമായി പ്രണയത്തിലാവുകയാണ്. എന്നാൽ അവൾക്ക് വനരാജിനെ വിവാഹം കഴിക്കേണ്ടി വരുന്നു.
ഒടുവില്‍ തന്‍റെ ഭാര്യ നന്ദിനി മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്ന് കണ്ടെത്തിയ വനരാജ് അവരെ ഒന്നിപ്പിക്കാൻ തീരുമാനിക്കുകയാണ്. സമൂഹത്തിന്‍റെ പരിഹാസങ്ങൾ അവഗണിച്ച്, 'ഹം ദിൽ ദേ ചുകേ സനം' സിനിമയിൽ തന്‍റെ ഭാര്യയെ അവളുടെ പ്രണയത്തോടൊപ്പം ഒന്നിപ്പിക്കാൻ അയാൾ ശ്രമിക്കുകയാണ്. നന്ദിനിയായി ഐശ്വര്യ എത്തുമ്പോൾ സമീറിനെ സൽമാൻ ഖാനും വനരാജിനെ അജയ് ദേവ്ഗണുമാണ് അവതരിപ്പിച്ചത്.
ഒഡിഷയിലെ കട്ടക്കില്‍ നിന്നും ഈ കഥയ്‌ക്ക് സമാനമായ വാർത്തയാണ് എത്തുന്നത്. 'ഹം ദിൽ ദേ ചുകേ സനം’ എന്ന ചിത്രത്തിലെ എല്ലാം ത്യജിക്കുന്ന നായകനായ അജയ് ദേവ് ഗണിനെ റിയൽ ലൈഫിൽ അനുകരിക്കുകയാണ് ഒഡിഷ സോനെപൂർ ജില്ലയിലെ കിരാസി ഗ്രാമത്തിലെ മാധവ പ്രധാൻ എന്ന യുവാവ്. ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിക്കുകയും അതിനായി സഹായം നൽകുകയും ചെയ്യുകയാണ് ഇയാൾ. കാമുകനൊപ്പം ഭാര്യയെ ഒന്നിപ്പിച്ച ഇയാൾ അവരുടെ വിവാഹ നിശ്ചയവും നടത്തിക്കൊടുത്തു.
സിനിമയിൽ നന്ദിനി സമീറിനൊപ്പം പോകാൻ തയ്യാറാകാതെ ഭർത്താവിന്‍റെ സ്‌നേഹത്തിന് മുന്നിൽ കീഴടങ്ങുകയാണെങ്കില്‍ ഇവിടെ മറിച്ചാണ് സംഭവിച്ചത് എന്ന വ്യത്യാസം മാത്രം. ഇത്തരം സംഭവങ്ങൾ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ എന്നതിനാൽ ഈ യഥാർഥ സംഭവം പലരെയും ഞെട്ടിച്ചിരിക്കുകയാണ്.
പൊലീസ് പറയുന്നതനുസരിച്ച്, മാധവ പ്രധാൻ മൂന്ന് വർഷം മുമ്പാണ് അംഗുൽ പ്രദേശത്ത് നിന്നുള്ള ജില്ലിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവർ പിന്നീട് അകന്ന ബന്ധുവായ പരമേശ്വര പ്രധാൻ എന്ന ആളുമായി പ്രണയ ബന്ധത്തിലായി. ഒടുക്കം പരമേശ്വര പ്രധാനോടൊപ്പം ജീവിക്കാനായി ജില്ലി വീടുവിട്ടിറങ്ങി.
തുടർന്ന് ഭാര്യയെ കാണാതായെന്ന് കാണിച്ച് മാധവ് പ്രധാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു. ചോദ്യം ചെയ്‌തപ്പോൾ താൻ പരമേശ്വര് പ്രധാനൊപ്പമാണ് താമസമെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാനാണ് താൽപര്യമെന്നും യുവതി അറിയിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷൻ ഓഫിസർ ഇക്കാര്യം മാധവ പ്രധാനോട് പറഞ്ഞപ്പോഴാണ് ഏവരെയും ഞെട്ടിച്ച് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഭാര്യ അവൾക്ക് ഇഷ്‌ടമുള്ള ആൾക്കൊപ്പം ജീവിക്കട്ടെ എന്നാണ് മാധവ പ്രധാൻ അറിയിച്ചത്. ഒടുവിൽ മാധവന്‍റെ സാന്നിധ്യത്തിൽ തന്നെ ശനിയാഴ്‌ച (ജൂലൈ 22) രാത്രി പൊലീസ് സ്റ്റേഷനിൽ വച്ച് പരമേശ്വര പ്രധാനുമായി ജില്ലിയുടെ വിവാഹ നിശ്ചയം നടത്തുകയായിരുന്നു.