ഹൈദരാബാദ്: തെലങ്കാനയിലെ ചന്ദനഗറിൽ ഭാര്യയേയും രണ്ടുമക്കളെയും കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു. വെള്ളിയാഴ്‌ച(ഒക്‌ടോബർ 14) രാത്രിയിലാണ് ദാരുണസംഭവം നടന്നത്. സംഗറെഡി സ്വദേശിയായ നാഗരാജു, ഭാര്യ സുജാത, ഇവരുടെ മക്കളായ സിദ്ധപ്പ(11), രമ്യശ്രീ(7) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
സുജാത തയ്യൽ തൊഴിലാളിയും സിദ്ധപ്പ അഞ്ചാം ക്ലാസ് വിദ്യാർഥിയും രമ്യശ്രീ രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ കത്രിക ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയും ശേഷം നാഗരാജു ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചത്. ദുരന്തം നടന്ന് മൂന്ന് ദിവസം കഴിഞ്ഞ് വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകുകയും വാതിൽ തുറക്കുകയും ചെയ്‌തപ്പോഴാണ് ദുരന്തം പുറത്തറിയുന്നത്.
നാഗരാജു സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലും ഭാര്യയും മക്കളും അഴുകിയ നിലയിലുമായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ഒരാളെപോലെയാണ് നാഗരാജു പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.