നാസിക്: മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്ന കൊലപാതക കഥയുടെ ചുരുളഴിഞ്ഞപ്പോൾ പൊലീസിന് പോലും വിശ്വസിക്കാനാകുന്നില്ല. രണ്ടാം ഭാര്യയും അവരുടെ കാമുകനും ചേര്‍ന്ന് ഡോക്‌ടറെ കൊലപ്പെടുത്തിയ കഥയാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. കാമുകനുമായുള്ള ബന്ധം തന്‍റെ രണ്ടാം ഭര്‍ത്താവ് അറിഞ്ഞതാണ് ഡോക്‌ടര്‍ സതീഷ് കോശവ്റാവു ദേശ്‌മുഖിന്‍റെ കൊലപാതകത്തില്‍ സംഭവിച്ചത്.
സിനിമകഥയെ വെല്ലുന്ന ബന്ധം: കൊല്ലപ്പെട്ട ഡോക്‌ടര്‍ സതീഷ് കോശവ്റാവു ദേശ്‌മുഖിന്‍റേയും ആ കൊലപാതകത്തില്‍ ആരോപണവിധേയയായ സുഹാസിനിയും തമ്മിലുള്ള ബന്ധം അപൂർവങ്ങളില്‍ അത്യപൂർവമാണ്. ഡോക്‌ടര്‍ ദേശ് മുഖിന്‍റെ ആദ്യ ഭാര്യ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആത്‌മഹത്യ ചെയ്‌തത്. ഇതില്‍ ആത്‌ഹത്യ പ്രേരണകുറ്റത്തിന് ഡോക്‌ടര്‍ ദേശ് മുഖ് ജയില്‍വാസം അനുഭവിച്ചിരുന്നു.
സുഹാസിനിയുമായുള്ള ദേശ്‌മുഖിന്‍റെ ബന്ധത്തില്‍ മനം നൊന്താണ് ആദ്യ ഭാര്യ ആത്മഹത്യ ചെയ്‌തെന്നായിരുന്നു കേസ്. ദേശ്‌മുഖിന് സുഹാസിനിയില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ ദേശ്‌മുഖ് ജയിലില്‍ കിടന്ന സമയത്ത് സുഹാസിനി മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കകം സുഹാസിനിയുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ദേശ്‌മുഖ് ജയില്‍ മോചിതനായി: ജയിലില്‍ നിന്നെത്തിയ ദേശ്‌മുഖ് വീണ്ടും ആശുപത്രിയില്‍ ജോലി ആരംഭിച്ചിരുന്നു. അതേസമയം കൊവിഡ് ബാധിതയായ സുഹാസിനി ചികിത്സയ്‌ക്കായി എത്തിയത് ദേശ്‌മുഖ് ജോലിചെയ്‌ത ആശുപത്രിയിലായിരുന്നു. ആ സമയത്ത് വീണ്ടും ഇവര്‍ തമ്മില്‍ അടുപ്പത്തിലാകുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു.
പിന്നെയും പ്രണയ ട്വിസ്റ്റ്: ഇവര്‍ വിവാഹിതരായി കഴിയുന്നതിനിടയിലാണ് സുഹാസിനി അരുണ്‍ കണ്ഡേക്കർ എന്നയാളുമായി പ്രണയത്തിലാകുന്നത്. ഈ വിവരം അറിഞ്ഞ ദേശ്‌മുഖ് ഇതിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് അരുണും സുഹാസിനിയും ദേശ്‌മുഖ് ജോലി ചെയ്‌തിരുന്ന ആശുപത്രിയുടെ ശുചിമുറിയില്‍ വച്ച് ബലപ്രയോഗത്തിലൂടെ കൂടിയ അളവില്‍ ദേശ്‌മുഖിന് അനസ്‌തേഷ്യ നല്‍കുന്നത്.
അനസ്‌തേഷ്യ പ്രയോഗത്തെ തുടർന്ന് 33 ദിവസത്തോളം ഐസിയുവില്‍ കോമയില്‍ കിടന്നതിന് ശേഷമാണ് ഡോക്‌ടര്‍ മരണപ്പെടുന്നത്. ഡോക്ടറുടെ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവത്തെ തുടർന്ന് സുഹാസിനിയും അരുണും ഒളവിലാണ്.