ദുർഗാപൂർ: സർക്കാർ ജോലിക്ക് പോകുന്നത് തടയാൻ ഭാര്യയുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റി ഭർത്താവ്. പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ സർക്കാർ ആശുപത്രി നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രേണു ഖാത്തൂൺ എന്ന യുവതിക്ക് നേരെയാണ് ഭർത്താവ് ഷേർ മുഹമ്മദിന്‍റെ ആക്രമണം. തിങ്കളാഴ്‌ച (ജൂൺ 06) നടന്ന സംഭവത്തിൽ പ്രതിയായ ഭർത്താവിനെയും ഇയാളുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
അതേസമയം വലതു കൈപ്പത്തി നഷ്‌ടമായതിന് ശേഷവും ദുർഗാപൂരിലെ ശോഭാപൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇടതുകൈകൊണ്ട് എഴുതി പരിശീലിച്ചുകൊണ്ടിരിക്കുകയാണ് രേണു. അടുത്തിടെയായിരുന്നു രേണുവിന് സർക്കാർ ആശുപത്രിയിൽ നഴ്‌സായി ജോലി ലഭിച്ചത്.
എന്നാൽ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച ഭർത്താവ് മുഹമ്മദ്, ജോലിയിൽ നിന്ന് പിന്മാറാത്തതിനെ തുടർന്ന് രേണുവിന്‍റെ കൈപ്പത്തി വെട്ടിക്കളയുകയായിരുന്നു. സംഭവം നടന്ന് ആറ് മണിക്കൂറോളം കഴിഞ്ഞാണ് രേണുവിനെ ആശുപത്രിയിലെത്തിച്ചത്. അതുകൊണ്ട് തന്നെ കൈ പൂർവസ്ഥിതിയിലാക്കാൻ സാധിക്കില്ലെന്ന് ഡോക്‌ടർമാരും വിധിയെഴുതി.
എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ട് പോകാൻ രേണു തീരുമാനിച്ചതോടെ ബന്ധുക്കളും സഹപ്രവർത്തകരും പൂർണ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. രേണുവിന്‍റെ കുടുംബവുമായി ഇതിനകം ബന്ധപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇടതുകൈ കൊണ്ട് എഴുതി പരിശീലിക്കുന്ന രേണുവിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവത്തിന് ശേഷം വനിത കമ്മിഷൻ മേധാവി ലീന ഗംഗോപാധ്യായ ആശുപത്രിയിലെത്തി രേണുവിനെ സന്ദർശിച്ചു. ഈ സ്ഥിതിയിൽ നഴ്‌സായി തുടരാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ജോലിക്കായി രേണുവിനെ പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അവർ ഉറപ്പുനൽകി.