ഹൈദരാബാദ്: വിവാഹേതര ബന്ധം ആരോപിച്ച് സ്‌ത്രീയുടെ ജനനേന്ദ്രിയത്തിൽ മദ്യം ഒഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. മാര്‍ച്ച് 12നുണ്ടായ സംഭവത്തില്‍, തെലങ്കാന മൈലാർദേവുപള്ളി ഉദംഗദ്ദയിലെ തുൾജാപ്പ (61) പിടിയിലായി. ഹൈദരാബാദിനടുത്തുള്ള ബഹദൂർപുരയിലെ വൈൻ ഷോപ്പ് ജീവനക്കാരനാണ് പ്രതി.
ബഹദൂർപുര പൊലീസ് ഇൻസ്‌പെക്‌ടര്‍ പറയുന്നത്: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം തോന്നിയ തുള്‍ജാപ്പ പലതവണ താക്കീത് ചെയ്‌തിരുന്നു. എന്നാല്‍, ഇതിലൊന്നും ഫലമുണ്ടായില്ല. മൂന്ന് ദിവസം മുന്‍പ് ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തി. തുടര്‍ന്ന്, സ്‌ത്രീയെ മറ്റൊരാളുടെ വീട്ടിൽ നഗ്നയായി കണ്ടെത്തുകയും ഇതുകണ്ട് പ്രകോപിതനായ ഇയാള്‍ വടികൊണ്ട് സ്‌ത്രീയെ മര്‍ദിക്കുകയും ജനനേന്ദ്രിയത്തിൽ മദ്യം ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പ്രതി തന്ന മൊഴിയെന്ന് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സുധാകർ പറയുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
45കാരിയായ സ്‌ത്രീ ദിവസ വേതനം എന്ന നിലയില്‍ തൊഴിലെടുത്ത് വരികയായിരുന്നു. ബഹദൂർപുര മേഖലയിൽ വേസ്റ്റ് പേപ്പർ ശേഖരിച്ച് വിൽക്കുന്ന 60കാരനുമായി ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് തുൾജാപ്പ പലതവണ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഇതൊന്നും കേള്‍ക്കാതെ മാര്‍ച്ച് 10ന് രാത്രി വീട്ടിൽ നിന്നും ഭാര്യ ഇറങ്ങിപ്പോയി. തുടര്‍ന്ന് തിരിച്ചെത്തിയില്ല.
ഇതേത്തുടര്‍ന്ന്, ഞായറാഴ്‌ച (മാര്‍ച്ച് 12) രാത്രി മദ്യപിച്ചെത്തിയ തുൾജാപ്പ തൊഴിലാളി താമസിക്കുന്ന മൂസി നദിക്കരയിലുള്ള ദർഗയ്ക്ക് സമീപത്തെ കുടിലിലേക്ക് ചെല്ലുകയുണ്ടായി. ഈ കുടിലില്‍ ഭാര്യ നഗ്നയായി കിടക്കുന്നത് കണ്ടെന്നും ദേഷ്യം വന്നാണ് താന്‍ ഇങ്ങനെ ചെയ്‌തതെന്നും പ്രതി മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച സ്‌ത്രീയുടെ സഹോദരന്‍റെ പരാതിയിൽ ബഹദൂർപുര പൊലീസ് കേസെടുത്ത് ചൊവ്വാഴ്‌ച (മാര്‍ച്ച് 14) പ്രതിയെ അറസ്റ്റ് ചെയ്‌തു.
വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല: വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. ഐപിസി 497 സുപ്രീം കോടതി റദ്ദാക്കിക്കൊണ്ടുള്ള വിധി 2018 സെപ്‌റ്റംബര്‍ 27ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. വിവാഹേതര ബന്ധത്തില്‍ സ്ത്രീയെ ഇരയായി കണക്കാക്കുന്ന ഐപിസി 497-ാം വകുപ്പിന്‍റെ സാധുത ചോദ്യം ചെയ്‌തുള്ള ഹര്‍ജിയിലാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്‍റേതാണ് വിധി.
വിവാഹജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണുള്ളത്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നാണ് കോടതി നിരീക്ഷണം. സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിന്‍റെ തെളിവാണ്. സ്ത്രീയുടെ അധികാരി ഭർത്താവല്ല. വിധിപ്രസ്‌താവത്തിനിടെ ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. 158 വര്‍ഷത്തെ പാരമ്പര്യമുള്ള വകുപ്പ് ഭരണഘടനാവിരുദ്ധമായാണ് കോടതി പ്രഖ്യാപിച്ചത്.
സ്ത്രീക്ക് പുരുഷനെപ്പോലെ തുല്യ അവകാശമുണ്ടെന്നും ആ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയും വേണം. ഭര്‍ത്താവ് ഒരിക്കലും ഭാര്യയുടെ യജമാനനല്ല. ഇത് സംവിധാനത്തിന്‍റെ തത്വങ്ങള്‍ക്ക് എതിരാണ്. തുല്യതയെന്ന അവകാശത്തെ ലംഘിക്കുന്നത് ഭരണഘടനയുടെ ഭാഗമല്ല. ഐപിസി 497 വകുപ്പ് മൗലികാവകാശങ്ങളുടെ ലംഘനമായി കണക്കാക്കണമെന്നും അതുകൊണ്ടു തന്നെ അത് റദ്ദാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.