അഗർത്തല : പരപുരുഷ ബന്ധം ആരോപിച്ച് യുവതിയേയും സുഹൃത്തിനെയും ഭര്‍ത്താവും ഗ്രാമീണരും ചേര്‍ന്ന് ഗുരുതരമായി മര്‍ദിച്ചു. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ വനിത കമ്മിഷന്‍ ആക്രമണത്തെ അപലപിച്ചു. ത്രിപുര വനിത കമ്മിഷൻ അധ്യക്ഷ ബർണാലി ഗോസ്വാമി സംഭവത്തില്‍ നടപടിയെടുക്കുമെന്നും അറിയിച്ചു.
ത്രിപുരയിലെ ഖോവായ് ജില്ലയിലെ തെലിയമുറയിലാണ് സംഭവം. അടുത്തിടെ വിവാഹം കഴിച്ച യുവതി തന്‍റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. യുവതിയെ നേരത്തെ സംശയത്തോടെ നിരീക്ഷിച്ചിരുന്ന ഭര്‍ത്താവ് ഭാര്യയുടെ വീട്ടില്‍ ബന്ധപ്പെട്ടു.
Also Read: പരപുരുഷ ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കൊന്ന് കുഴിച്ചിട്ട് ഭാര്യ
എന്നാല്‍ യുവതി സ്വന്തം വീട്ടില്‍ എത്തിയിരുന്നില്ല. ഇതിനിടെ യുവതിയെ സുഹൃത്തിനൊപ്പം കണ്ടതായി ഭര്‍ത്താവിന്‍റെ കൂട്ടുകാര്‍ അറിയിക്കുകയും ചെയ്തു. ഇതോടെ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിന്‍റെ വീട്ടിലെത്തി. ഇരുവരെയും ഒരുമിച്ച് കണ്ടതോടെ പ്രകോപിതനായ ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയാരിരുന്നു. ക്രൂര മര്‍ദനത്തിന് ശേഷം ഇരുവരോടും വിവാഹം കഴിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
യുവതിയേയും സുഹൃത്തിനേയും മര്‍ദ്ദിച്ച ശേഷം ഇരുവരേയും ഭീഷണിപ്പെടുത്തി മാല ഇടീപ്പിക്കുന്നതും സിന്ദൂരം ചാര്‍ത്തുന്നതിന്‍റെയും വീഡിയോ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പൊലീസ് കേസ് എടുത്തതായി റിപ്പോര്‍ട്ടില്ല. മര്‍ദനമേറ്റ യുവതിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്.