ശ്രീനഗർ: കശ്‌മീർ താഴ്‌വരയിൽ വന്യജീവി ആക്രമണം വർധിക്കുന്നു. സമീപ വർഷങ്ങളിലായി കശ്‌മീരിലെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടു. വനത്തിന് സമീപമുള്ള ജനവാസമേഖലയിൽ ഭക്ഷണം തേടിയെത്തുന്ന മൃഗങ്ങൾ മനുഷ്യരെ മാത്രമല്ല, കന്നുകാലികളെയും ഇരയാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ബുഡ്‌ഗാം ജില്ലയിലെ ഓംപുരയിൽ നാല് വയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. കൂടാതെ ടാങ്‌മാർഗിലും പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും ഒരു കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. ഇതിനു മുമ്പും സമാന സംഭവങ്ങൾ താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതിന് പുറമേ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബുഡ്‌ഗാം, ഖാരിയോ, പാംപൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 16 പുള്ളിപ്പുലികളെ മനുഷ്യവാസ കേന്ദ്രങ്ങളിലും പരിസരങ്ങളിലുമായി കണ്ടെത്തി. ഇവയിൽ ആറ് പുള്ളിപ്പുലികളെ ഇതുവരെ വന്യജീവി വകുപ്പ് പിടികൂടിയിട്ടുണ്ട്. മറ്റുള്ളവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളിലായി കശ്‌മീർ താഴ്‌വരയിൽ വന്യജീവി ആക്രമണത്തിൽ 118 പേർക്ക് ജീവൻ നഷ്ടപ്പെടുകയും രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വനമേഖലയിൽ അനാവശ്യമായ മനുഷ്യ ഇടപെടൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥകളിൽ വ്യതിയാനം ഉണ്ടാക്കാൻ ഇടയാക്കിയതായി കണ്ടെത്തി.
Also Read: എല്ലാവർക്കും വാക്‌സിൻ, മാതൃകയായി ജമ്മു കശ്‌മീരിലെ വിയാൻ ഗ്രാമം