മുബൈ: ഓഗസറ്റ് എട്ടിന് 20 വർഷം തികയുന്ന ഹൃത്വിക് റോഷന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'കോയി...മിൽഗയ' വീണ്ടും തിയേറ്ററുകളിലെത്തുന്നു. 20 വർഷങ്ങള്‍ക്ക് മുന്‍പ്, സംവിധായകനും ഹൃത്വിക്കിന്‍റെ പിതാവുമായ രാകേഷ് റോഷന്‍റെ വേറിട്ട ആശയത്തിലാണ് ചിത്രം പിറന്നത്. ഹൃത്വിക് അവതരിപ്പിച്ച മാനസിക വെല്ലുവിളി നേരിടുന്ന രോഹിത് മെഹ്റ എന്ന കഥാപാത്രത്തിലേക്ക് അന്യഗ്രഹ ജീവിയായ 'ജാദു' കൊണ്ടുവരുന്ന മാറ്റങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
അന്യഗ്രഹ ജീവിയായ ജാദുവുമായി രോഹിത് കൂട്ടുകൂടുകയും തുടർന്ന് അദ്ദേഹത്തിന്‍റെ ജീവിതത്തെ സ്വാധീനിക്കാന്‍ അതിന് കഴിയുന്നതുമാണ് ചിത്രം പറയുന്നത്. റിലീസ് ചെയ്‌ത് 20 വർഷം പൂർത്തിയാകുന്ന ചിത്രം, ഓഗസ്റ്റ് എട്ടിന് വീണ്ടും തിയേറ്ററുകളിലെത്തും. ഡൽഹി, മുംബൈ, പൂനെ, ഗോവ, സൂറത്ത്, അഹമ്മദാബാദ്, വഡോദര തുടങ്ങിയ 30 നഗരങ്ങളിലായ് പിവിഅർ, ഐഎന്‍ഒക്‌സ് തിയേറ്ററുകളിൽ 'കോയി... മിൽഗയ' റിലീസ് ചെയ്യുക.
ഹൃത്വിക് റോഷനെ കൂടാതെ പ്രീതി സിന്‍റാ, രേഖ, പ്രേം ചോപ്ര, ജോണി ലിവർ എന്നിവർ വേഷമിട്ടതോടെ ആ വർഷത്തെ ഏറ്റവും അവിസ്‌മരണീയമായ ചിത്രമായി കോയി മിൽഗയ മാറിയിരുന്നു. പ്രേക്ഷകർക്കിടെയിൽ ഗ്യഹാതുരത്വം വീണ്ടെടുക്കുക്കാന്‍ വേണ്ടിയാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നതെന്ന് സംവിധായകന്‍ രാകേഷ് റോഷന്‍ പറഞ്ഞു. പുറമെ, ആരാധകർക്കായി ചിത്രത്തിന്‍റെ നിർമാതാക്കള്‍ പ്രത്യേക സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷന്‍റെ ബാനറിൽ 2003ൽ പുറത്തിറങ്ങിയ 'കോയി മിൽഗയ' അന്യഗ്രഹ ജീവിയെ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫിസിൽ 823.3 ദശലക്ഷം കലക്ഷന്‍ നേടിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർക്കിടെയിൽ വന്‍ ഹിറ്റായിരുന്നു. പ്രേക്ഷ സ്വീകാര്യത നേടിയ ചിത്രത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്കിടെയിലേക്ക് വൈകാരിക ബന്ധം സ്യഷ്‌ടിക്കാന്‍ കഴിഞ്ഞതിനാൽ ചിത്രം കാണാന്‍ കുട്ടികള്‍ മുതൽ മുതിർന്നവർ വരെ തിയേറ്ററുകളിൽ എത്തിയിരുന്നു. മാതാപിതാക്കളേയും കുട്ടികളേയും ഒരുമിപ്പിച്ചുളള ഫാമിലി ഔട്ടിങ് ആയിരിക്കും ചിത്രമെന്ന് രാകേഷ് റോഷന്‍ പറഞ്ഞു.
മകനായ ഹൃത്വിക്കിന്‍റെ അഭിനയമികവ് ഉയർത്തിക്കാട്ടാനാണ് താന്‍ സിനിമ ചെയ്‌തതെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. 'കഹോനാ പ്യാർ ഹേ'യുടെ ഉജ്വല വിജയത്തിന് ശേഷം ഹൃത്വിക്കിന്‍റെ എട്ട് സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ഒന്‍പത് വയസുകാരന്‍റെ മനസുളള മാനസിക വെല്ലുവിളി നേരിടുന്ന രോഹിത് മെഹ്റയിലൂടെ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ ഹൃത്വിക്കിന് കഴിഞ്ഞിരുന്നു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും തന്‍റെ ചിത്രം പ്രേക്ഷകർക്കിടെയിൽ സ്വാധീനം ചെലുത്തുന്നുന്നതിൽ അതിശയമാണെന്ന് അദ്ദേഹം പറഞ്ഞു. കോയി മിൽഗയയുടെ തുടർച്ചയെന്നോണം ക്രിഷ്, ക്രിഷ് 3 എന്നി ചിത്രങ്ങള്‍ ഇറക്കിയിരുന്നു. ക്രിഷ് 4 കൊണ്ടുവരാന്‍ ഒരുങ്ങുകയാണെന്നും 2024ൽ ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.