ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്‍റെ (Manipur CM N Biren Singh) കുടുംബ വീടിന് നേരെ ആള്‍ക്കൂട്ട ആക്രമണം നടത്താന്‍ ശ്രമം. ഇന്നലെ (സെപ്റ്റംബര്‍ 28) രാത്രിയാണ് സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ വീടിന് നേരെ ആക്രമണത്തിന് ശ്രമമുണ്ടായത്. നിലവിലെ കര്‍ഫ്യൂവും സുരക്ഷ നിയന്ത്രണങ്ങളും അവഗണിച്ചാണ് ആള്‍ക്കൂട്ടം ഹെയിന്‍ഗാങിലെ വീട് ആക്രമിക്കാനെത്തിയത്. സംഭവത്തിന് പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. (CM N Biren Singh About Manipur Issue)
കുടുംബ വീടിന് 100- 150 മീറ്റര്‍ അപ്പുറമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ അക്രമി സംഘത്തെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. (Manipur CM's Ancestral House Attack) 24 മണിക്കൂറും സുരക്ഷ ഉദ്യോഗസ്ഥരുടെ കാവല്‍ ഏര്‍പ്പെടുത്തിയ വീടിന് നേരെയാണ് ആക്രമണ ശ്രമം നടന്നത്. നിലവില്‍ കുടുംബ വീട്ടില്‍ ആള്‍ താമസമില്ലെങ്കിലും സംഭവത്തിന് പിന്നാലെ സുരക്ഷ കര്‍ശനമാക്കി. വസതിക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡുകളുടെ എണ്ണം വര്‍ധിപ്പിച്ചു.
വീടിന് സമീപമെത്തിയ സംഘം റോഡിന് നടുവില്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. ഇതോടെ ആള്‍ക്കൂട്ടത്തെ തുരത്താന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇംഫാലില്‍ കൂടുതല്‍ സുരക്ഷയുള്ള പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വസതിയിലാണ് നിലവില്‍ മുഖ്യമന്ത്രിയുടെ താമസം. (Mob Attack In Mnaipur)
മണിപ്പൂരിലെ രണ്ട് യുവതി-യുവാക്കളുടെ മരണത്തിന് പിന്നാലെ വിദ്യാര്‍ഥി പ്രതിഷേധം അടക്കം അരങ്ങേറുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണ ശ്രമം നടന്നത്. കഴിഞ്ഞ ജൂലൈയില്‍ കാണാതായ യുവതി-യുവാക്കളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാണ് വീണ്ടും അക്രമങ്ങള്‍ക്ക് കാരണം. ചൊവ്വ, ബുധന്‍ (സെപ്‌റ്റംബര്‍ 25, 26) ദിവസങ്ങളിലായി വന്‍ പ്രതിഷേധങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ (Conflict In Imphal West District ) ജനക്കൂട്ടം ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസ് തകര്‍ത്തിരുന്നു. സംഭവത്തിന് പിന്നാലെ വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 27) സ്ഥലത്ത് രണ്ട് നാല് ചക്ര വാഹനങ്ങള്‍ കത്തിച്ചു. മേഖല വീണ്ടും അക്രമസാക്തമായതോടെ ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളില്‍ വീണ്ടും കര്‍ഫ്യൂ നിയന്ത്രണം ഏര്‍പ്പെടുത്തി (Curfew Announced In Manipur). മുഖ്യമന്ത്രിയുടെ കുടുംബ വീടിന് നേരെ ആള്‍ക്കൂട്ടം ആക്രമണത്തിന് ശ്രമമുണ്ടായതിന് പിന്നാലെ സ്ഥലത്ത് ഇന്‍റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
കഴിഞ്ഞ അഞ്ച് മാസത്തോളമായി കലാപം തുടരുന്ന മണിപ്പൂരില്‍ നിരവധി മന്ത്രിമാരുടെ വീടുകളും ആക്രമിക്കപ്പെട്ടിരുന്നു. കലാപത്തിന് പിന്നാലെ നിരവധി രാഷ്‌ട്രീയ നേതാക്കളാണ് സ്ഥലത്ത് സന്ദര്‍ശനം നടത്തിയത്.