ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി കർണാടക സർക്കാർ. തിങ്കളാഴ്‌ച്ച മുതൽ ബസുകളും മെട്രോയും പ്രവർത്തനം പുനരാരംഭിച്ചു. കൂടാതെ ജിമ്മുകളും ഹോട്ടലുകളും തുറന്ന് പ്രവർത്തിക്കും. നിലവിൽ സംസ്ഥാനത്തെ 17 ജില്ലകളിലാണ് ഇളവുകൾ.
also read:രാജ്യത്ത് 53,256 പേർക്ക് കൂടി കൊവിഡ്; 1422 മരണം
ജൂലൈ അഞ്ച് വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണിവരെയാണ് കടകൾ തുറക്കാൻ അനുമതി. 50 ശതമാനം യാത്രക്കാരെ പ്രവേശിപ്പിച്ചുകൊണ്ടാകും ബസുകളും മെട്രോ സർവ്വീസുകളും പ്രവർത്തിക്കുക. നിലവിൽ സംസ്ഥാന അന്തർസംസ്ഥാന യാത്രകൾക്കായി 3,000 കെഎസ്‌ആർടിസി ബസുകൾക്കാണ് സർവ്വീസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
ഹോട്ടലുകളും ക്ലബുകളും റെസ്റ്റോറന്‍റുകളും വൈകുന്നേരം അഞ്ച് മണിവരെ പ്രവർത്തിക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് വരെ സംസ്ഥാനത്തുടനീളം വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കും . നീന്തൽക്കുളങ്ങൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. 50 ശതമാനം ജീവനക്കാരോടെ സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.