ജബൽപൂർ (മധ്യപ്രദേശ്): വിവാഹ ഘോഷയാത്രയ്ക്ക് പോകുന്നതിനിടെ കാൽവഴുതി അഴുക്കുചാലിൽ വീണ കുതിരയെയും ഉടമയെയും രക്ഷപ്പെടുത്തി. ബുധനാഴ്‌ച രാത്രിയാണ് കുതിരയും ഉടമയും അഴുക്കുചാലിലേക്ക് വീണത്. ഉടൻ തന്നെ കണ്ടുനിന്നവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒമാട്ടി പൊലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രദേശവാസികളുടെ സഹായത്തോടെ കുതിരയെയും ഉടമയെയും രക്ഷപ്പെടുത്തുകയായിരുന്നു. കുതിരയുടെ ശരീരത്തിൽ കയർ കെട്ടി ജെസിബി ഉപയോഗിച്ച് പുറത്തെടുക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. കുതിരക്കും ഉടമക്കും ചെറിയ ചതവുകൾ അല്ലാതെ കാര്യമായ പരിക്കുകളൊന്നുമില്ല.