മൊഹാലി (പഞ്ചാബ്) : മൊഹാലിയിൽ ഹണിട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയ എൻജിനീയറിങ് വിദ്യാർഥിയെ രക്ഷപ്പെടുത്തി. ഖരാർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി 48 മണിക്കൂറുകൾക്കകമാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌ത് പഞ്ചാബ് പൊലീസ് യുവാവിനെ രക്ഷപ്പെടുത്തിയത്.
സോനിപത്ത് സ്വദേശിയായ രാഖി, പാനിപത്തിലെ ജറ്റാൽ സ്വദേശിയായ കഡിയൻ (25), സിർസയിലെ ആബൂദ് സ്വദേശിയായ അജയ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും കാറും അഞ്ച് മൊബൈൽ ഫോണുകളും .32 ബോർ തോക്കും 9 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.
രാഖി എന്ന യുവതി വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കുകയും യുവാവുമായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് നേരിൽ കാണാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി. ശേഷം വീട്ടുകാരെ ബന്ധപ്പെട്ട് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സദർ ഖരാർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്താനായത്. വിവിധ പൊലീസ് ടീമുകൾ രൂപീകരിച്ച് ഇന്‍റലിജൻസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഖരാറിലെ രഞ്ജിത് നഗറിലെ വാടക വീട്ടിൽ മയക്കിയ അവസ്ഥയിലായിരുന്നു യുവാവ്.
ഡിഎസ്‌പി ഗുർഷേർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഹരിയാനയിലെ കുരുക്ഷേത്രയിലെ പൊലീസ് സംഘവും ചേർന്നാണ് വെള്ളിയാഴ്‌ച പുലർച്ചെയോടെ പ്രതികളെ പിടികൂടി യുവാവിനെ രക്ഷപ്പെടുത്തിയതെന്ന് റോപാർ മേഖല ഡിഐജി ഗുർപ്രീത് സിങ് ഭുല്ലാർ പറഞ്ഞു.