ന്യൂഡല്‍ഹി: ഹണി ട്രാപില്‍ കുടുങ്ങി തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാൻ ഏജന്‍റിന് കൈമാറിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. സുബ്രതോ പാർക്കിലെ ഇന്ത്യൻ എയർഫോഴ്‌സിന്‍റെ റെക്കോർഡ് ഓഫീസിൽ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റായി ജോലിചെയ്യുന്ന ദേവേന്ദർ നാരായൺ ശർമയാണ് അറസ്റ്റിലായത്.
സൈന്യം, ദേശീയ സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ രേഖകൾ ഇയാള്‍ വാട്‌സ്ആപ് വഴി കൈമാറിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഹണി ട്രാപ്പൊരുക്കി ഒരു സ്ത്രീയാണ് രേഖകള്‍ക്കായി ശര്‍മയെ സമീപിച്ചത് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടത്തല്‍. നല്‍കിയ രേഖകള്‍ക്ക് പകരമായി ഇയാള്‍ ഏജന്‍റില്‍ നിന്നും പണവും സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ എയർഫോഴ്‌സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 6ന് ദേവേന്ദർ നാരായൺ ശർമയെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ജൂലൈയിൽ പാകിസ്ഥാൻ ചാരസംഘടനയായ ഇന്‍റര്‍ സർവീസസ് ഇന്‍റിലിജൻസിന് രഹസ്യ രേഖകൾ കൈമാറിയതിന് സൈനികൻ ഉൾപ്പെടെ രണ്ടുപേരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്‌തിരുന്നു.