ചണ്ഡീഗഢ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിയിട്ട ഡൽഹി-ജമ്മു രാജധാനി എക്‌സ്‌പ്രസ് പരിശോധനയ്‌ക്ക് പിന്നാലെ അഞ്ച് മണിക്കൂറിന് ശേഷം യാത്ര പുനരാരംഭിച്ചു. ഇന്നലെ (ജൂലൈ 28) രാത്രി ഒന്‍പത് മണിയോടെയാണ് ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്നുള്ള അജ്ഞാത ഫോണ്‍ കോള്‍ ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹരിയാനയിലെ സോനിപത്തില്‍ സര്‍വീസ് നിര്‍ത്തി വച്ചു. ഇതിന് പിന്നാലെ ജിആര്‍പിയും ആര്‍പിഎഫും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ട്രെയിനില്‍ നിന്നും യാത്രക്കാരെ സോനിപത് സ്റ്റേഷനില്‍ ഇറക്കിയതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ട്രെയിനില്‍ ഉദ്യോഗസ്ഥരുടെ പരിശോധന തുടര്‍ന്നു. തെരച്ചിലിന് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് സംഘം കണ്ടെത്തി. ഇതിന് പിന്നാലെയാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്.
എറണാകുളത്തും സമാന സംഭവം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയയാളെ പൊലീസ് പിടികൂടിയിരുന്നു. പത്തനംതിട്ട സ്വദേശിയായ സാബു വര്‍ഗീസാണ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് (ജൂലൈ 26) ഇയാളെ നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.
നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ വിമാനത്തില്‍ കയറുന്നതിന് മുമ്പുള്ള പരിശോധനക്ക് വിധേയമാക്കുമ്പോഴാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. മറ്റൊരു യാത്രക്കാരന്‍റെ ബാഗ് പരിശോധിക്കുന്ന സുരക്ഷ ജീവനക്കാരോട് അതില്‍ ബോംബ് ഉണ്ടെന്ന് ഇയാള്‍ വിളിച്ച് പറയുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിശോധന നടത്തിയ യാത്രക്കാരെയെല്ലാം ഒരു തവണ കൂടി പരിശോധനക്ക് വിധേയമാക്കി.
സംശയാസ്‌പദമായ രീതിയില്‍ ഒന്നും കണ്ടെത്താത്തതിന് പിന്നാലെ ഇയാള്‍ വ്യാജ ഭീഷണി ഉയര്‍ത്തിയതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഇയാളെ വിമാനത്താവളത്തിലെ സുരക്ഷ വിഭാഗം പൊലീസിന് കൈമാറി. പൊലീസ് ചോദ്യം ചെയ്‌ത ഇയാള്‍ പരിശോധനക്ക് ഏറെ നേരം കാത്ത് നില്‍ക്കേണ്ടി വന്നതിലെ രോഷം പ്രകടിപ്പിക്കുകയാണുണ്ടായതെന്ന് പറഞ്ഞു.
ഡല്‍ഹി വിമാനത്താവളത്തിലും ബോംബ് ഭീഷണി: കഴിഞ്ഞ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍റെ ഫോണ്‍ കോള്‍ ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫോണിലൂടെ വ്യാജ പ്രചരണം നടത്തിയയാളെ പൊലീസ് കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഹാപൂരിലെ താമസക്കാരനായ സാക്കിര്‍ എന്നയാളാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോല്‍ റൂമിലേക്ക് വിളിച്ചാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്.
also read: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി ; യുവാവ് അറസ്റ്റില്‍