ബെംഗളൂരു : മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ക്രിസ്‌ത്യന്‍ മതഗ്രന്ഥങ്ങളും ലഘുലേഖകളും അഗ്‌നിക്കിരയാക്കി തീവ്രഹിന്ദു ഗ്രൂപ്പ്. കോളാറിലെ ശ്രീനിവാസപുരത്ത് ശനിയാഴ്‌ചയാണ് സംഭവം. മതഗ്രന്ഥങ്ങൾ വിതരണം ചെയ്‌തവരെ തടഞ്ഞ ശേഷമായിരുന്നു ആള്‍ക്കൂട്ടത്തിന്‍റെ അതിക്രമം.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാല്‍ പൊലീസ് നിരീക്ഷണം ശക്തമാണ്. ഹിന്ദു ഭൂരിപക്ഷ മേഖലയാണ് ശ്രീനിവാസപുരം. ക്രിസ്‌ത്യന്‍ മതഗ്രന്ഥങ്ങളും ലഘുലേഖകളും വിതരണം ചെയ്‌തെന്ന പേരില്‍ നാല് പേരെ പ്രദേശവാസികള്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
ALSO READ: വിവാഹച്ചടങ്ങിൽ വിവാദ ആൾദൈവം രാംപാലിന്‍റെ പ്രഭാഷണം ; വെടിവയ്പ്പ്, ഒരാൾക്ക് പരിക്ക്
'ചിന്താമണിയിൽ നിന്ന് എത്തിയവർ ഒരു വീട്ടിൽ തടിച്ചുകൂടി മതപരിവർത്തനത്തിന് ശ്രമിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാൻ പൊലീസ് നടപടി വേണം. അല്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കും' - പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ശ്രീനിവാസപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മതഗ്രന്ഥങ്ങള്‍ കത്തിച്ചതിന് ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല.