കിന്നൗര്‍ (ഹിമാചല്‍ പ്രദേശ്) : ഐസ് സ്കേറ്റിങ് മത്സരത്തിന് വേദിയായി ലോക റെക്കോർഡ് സ്വന്തമാക്കി കിന്നൗറിലെ നാക്കോ തടാകം. 12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും ഏറ്റവും നീളമേറിയതുമായ ട്രാക്കിലാണ് ഐസ് സ്കേറ്റിങ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. ഇത്തരത്തില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് നാക്കോ തടാകം. മത്സരത്തില്‍ പങ്കെടുക്കാനായി 15 സംസ്ഥാനങ്ങളില്‍ നിന്നായി 70 സ്‌കേറ്റിങ് താരങ്ങളാണ് ഇവിടെ എത്തിയിട്ടുള്ളത്.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തുള്ള ഏറ്റവും നീളമേറിയ ഐസ് സ്‌കേറ്റിങ് ട്രാക്കില്‍ മത്സരം നടക്കുന്നുവെന്നതാണ് നാക്കോ തടാകത്തെ ലോക റെക്കോര്‍ഡിന് അര്‍ഹമാക്കിയത്. ഹിമാചല്‍ ഐസ് സ്‌കേറ്റിങ് അസോസിയേഷന്‍റെയും പുർഗ്യുൽ ഐസ് സ്‌കേറ്റിങ് അസോസിയേഷന്‍ എന്‍എസിഒയുടെയും സംയുക്ത സഹകരണത്തോടെ ഐസ് സ്‌കേറ്റിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇവിടെ മത്സരം സംഘടിപ്പിക്കുന്നത്. അന്താരാഷ്‌ട്ര സ്‌കേറ്റിങ് മത്സരത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംഘാടകര്‍ ട്രാക്ക് നിർമിച്ചിരിക്കുന്നത്. മൈനസ് 18 ഡിഗ്രി സെൽഷ്യസ് താപനിലയില്‍ താരങ്ങള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നു എന്നതും കണ്ണിന് കുളിരണിയിക്കുന്ന കാഴ്‌ചയാണ്.
ദേശീയതല മത്സരത്തില്‍ പങ്കെടുക്കാനായി ഇവിടെയെത്തുന്ന എല്ലാ താരങ്ങള്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഇന്ത്യൻ ഐസ് സ്കേറ്റിങ് അസോസിയേഷൻ ഒരുക്കിയിട്ടുണ്ട്. ഇന്നും നാളെയുമായി (ഫെബ്രുവരി 4,5) നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവരെ അസോസിയേഷന്‍ ആദരിക്കും. കിന്നൗറിലെ യുവാക്കൾക്ക് മത്സരത്തിലൂടെ മികച്ച വേദി ലഭിക്കുക എന്നതിനൊപ്പം വിനോദത്തിനും വിനോദസഞ്ചാരത്തിനും ഉത്തേജനം പകരുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഐസ് സ്‌കേറ്റിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.