ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടിയായത് വിമതര്‍. തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച വിമതർ എട്ട് സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികളുടെ വിജയസാധ്യത ഇല്ലാതാക്കിയതെന്നാണ് കണക്കുകൾ. നാല് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികള്‍ക്കും തിരിച്ചടിയേറ്റു.
മത്സരരംഗത്തുണ്ടായിരുന്ന 99 സ്വതന്ത്രരിൽ 28 പേരും വിമതരാണ്. നലഗഡിൽ നിന്ന് കെഎൽ താക്കൂർ, ഡെഹ്‌റയിൽ നിന്ന് ഹോഷിയാർ സിങ്, ഹമീർപൂരിൽ നിന്ന് ആശിഷ് ശർമ എന്നിവരാണ് വിജയിച്ച മൂന്ന് സ്വതന്ത്രര്‍. മൂന്നുപേരും പാർട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ട ബിജെപി വിമതരാണ്.
കെ എൽ താക്കൂർ 2012-ൽ വിജയിച്ചെങ്കിലും 2017-ൽ പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടി വിട്ട മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ലഖ്‌വീന്ദർ സിങ് റാണയെ ഡെഹ്‌റയിൽ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. പിന്നീട് ബിജെപി രമേഷ് ധവാലയ്ക്ക് ടിക്കറ്റ് നൽകി. ഹമീർപൂരിൽ നിന്നുള്ള ആശിഷ് ശർമയും ബിജെപി വിമതനായിരുന്നു.
കിന്നൗർ, കുളു, ബഞ്ചാർ, ഇൻഡോറ, ധർമശാല എന്നിവിടങ്ങളിൽ വിമതർ ബിജെപിയുടെ സാധ്യതകൾ തകർത്തു. അതേസമയം പച്ചാഡ്, ചോപ്പാൽ, ആനി, സുല എന്നിവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യതയും വിമതര്‍ മൂലം നഷ്‌ടമായി. സ്വതന്ത്രരുടെയും മറ്റ് ചെറുകക്ഷികളുടെയും ആകെ വോട്ട് വിഹിതം 10.39 ശതമാനമാണ്.
കിന്നൗറിൽ, സ്വതന്ത്രനായി മത്സരിച്ച മുൻ ബിജെപി എംഎൽഎ തേജ്വന്ത് നേഗി 19.25 ശതമാനം വോട്ട് (8,574) നേടി. ഇത് കോൺഗ്രസ് സ്ഥാനാർഥി ജഗത് സിങ് നേഗിയേക്കാള്‍ 6,964 വോട്ട് കൂടുതലാണ്. ഇത് ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി സൂറത്ത് നേഗിയുടെ പരാജയത്തിൽ നിർണായകമായി.
ബിജെപി വിമതനായ രാം സിങ് 16.77 ശതമാനം വോട്ട് (11,937 വോട്ട്) നേടിയപ്പോൾ ബിജെപി സ്ഥാനാർഥി നരോതം സിങ് 4,103 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി സുരേന്ദർ താക്കൂറിനോട് പരാജയം സമ്മതിച്ചു. ബിജെപി നേതാവ് മഹേശ്വര്‍ സിങ്ങിന്‍റെ മകന്‍ ഹിതേശ്വര്‍ സിങ് 24.12 ശതമാനം വോട്ട് (14,568) നേടിയ കുളുവിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ബിജെപി സ്ഥാനാർഥി ഖിമി റാമിനെ 4,334 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ധർമശാലയിൽ ബിജെപി വിമതൻ വിപൻ നെഹെരിയ നേടിയ 12.36 ശതമാനം വോട്ട് (7,416) കോൺഗ്രസ് സ്ഥാനാർഥി സുധീർ ശർമയേക്കാള്‍ 3,285 വോട്ടുകള്‍ കൂടുതലാണ്.
കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സുല്ലയിലും അന്നിലും സ്ഥിതി ഇതുതന്നെയായിരുന്നു. ഇവിടെയും വിമതര്‍ തമ്മിലായിരുന്നു മത്സരം. പച്ചാഡിലും ചോപാലിലും കോൺഗ്രസ് വിമതരായ ഗംഗുറാം മുസാഫിറും സുബാഷ് മംഗ്‌ലെറ്റും 21.46 ശതമാനവും 22.03 ശതമാനവും വോട്ടുകൾ നേടി. ഇത് ബിജെപി സ്ഥാനാർഥികളുടെ വിജയത്തേക്കാള്‍ 2-3 മടങ്ങ് കൂടുതലാണ്.
68 ൽ 40 സീറ്റും നേടി കോൺഗ്രസ് അധികാരം ഉറപ്പിച്ചതിനാല്‍ സ്വതന്ത്രര്‍ നിസാരരായി തോന്നാം. എന്നാല്‍ മുൻകാലങ്ങളിലെ ചില തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്രർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1982ൽ 1982ൽ 68ൽ 31 സീറ്റും നേടിയ കോൺഗ്രസ് സ്വതന്ത്രരുടെ സഹായത്തോടെയാണ് സർക്കാർ രൂപീകരിച്ചത്. ബിജെപിയും ജനത പാർട്ടിയും യഥാക്രമം 29, രണ്ട് സീറ്റുകൾ നേടി, ആ തെരഞ്ഞെടുപ്പിൽ സ്വതന്ത്രർ ആറ് സീറ്റുകൾ നേടി.