ഷിംല: ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ആരെന്ന് നിർണയിക്കുന്നതിനായി കോൺഗ്രസ് എംഎൽഎമാർ ഇന്ന് യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്റ്റേറ്റ് കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിൽ വച്ചാണ് യോഗം ചേരുന്നത്. മുതിർന്ന നേതാവായ രാജീവ് ശുക്ല, സൂപ്പർവൈസർമാരായ ഭൂപേഷ് ബാഗേൽ, ഭൂപേന്ദ്ര ഹൂഡ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
എംഎൽഎമാർ യോഗത്തിൽ പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയെ സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡിന് നൽകാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് ഹിമാചല്‍ പ്രദേശില്‍ ഉയര്‍ന്നുകേട്ടത്. ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ്, മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സുഖ്വീന്ദർ സിങ് സുഖു, സിഎൽപി നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരാണ് പാർട്ടി നേതൃത്വം ഗൗരവമായി പരിഗണിക്കുന്ന പേരുകൾ.
അതേസമയം, ഒന്നിലധികം മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ടാകുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്നും പാർട്ടി സംസ്ഥാന വക്താവ് പവൻ ഖേര പറഞ്ഞു. വിജയം, വരും ദിവസങ്ങളിൽ പാർട്ടി നേതൃത്വത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അഞ്ച് വർഷത്തിന് ശേഷമാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് തിരിച്ചെത്തുന്നത്. 68 അംഗ നിയമസഭയിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസിന്‍റെ വിജയം. ബിജെപി 25 സീറ്റുകളും സ്വതന്ത്രർ മൂന്ന് സീറ്റുകളും നേടി. ശക്തമായ പ്രചാരണവുമായി എഎപി രംഗത്തുണ്ടായിരുന്നെങ്കലും വോട്ടർമാർ എഎപിക്ക് നിയമസഭയിൽ ഇടംനൽകിയില്ല. ഹിമാചല്‍ പ്രദേശിന്‍റെ ചുമതലയുണ്ടായിരുന്ന സത്യേന്ദർ ജെയിൻ കള്ളപ്പണക്കേസില്‍ ജയിലില്‍ ആയത് ആപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.
Also read: ഹിമാചലില്‍ കോൺഗ്രസിന് ശ്വാസമായത് പ്രിയങ്ക ഗാന്ധി: വിജയിച്ചത് 'പരിവർത്തൻ പ്രതിജ്ഞ'