മാണ്ഡ്യ (കർണാടക) : മാണ്ഡ്യ പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ച പെൺകുട്ടിക്ക് നേരെ കാവി ഷാൾ ധരിച്ച ഒരു കൂട്ടം വലതുപക്ഷ ഹിന്ദു വിദ്യാർഥികളുടെ ആക്രോശം. കറുത്ത പർദയും ഹിജാബും ധരിച്ച് കോളജിലെത്തിയ പെൺകുട്ടിക്ക് നേരെയാണ് കാവി ഷാൾ ധരിച്ച വിദ്യാർഥികൾ ആക്രോശവുമായി എത്തിയത്.
പെൺകുട്ടി വാഹനം പാർക്ക് ചെയ്‌ത് കോളജ് കെട്ടിടത്തിനടുത്തേക്ക് നടക്കുമ്പോൾ ഒരു സംഘം വിദ്യാർഥികൾ 'ജയ് ശ്രീറാം' മുദ്രാവാക്യമുയർത്തി പെൺകുട്ടിക്ക് അടുത്തേക്ക് എത്തി. മറുപടിയെന്നോണം പെൺകുട്ടി 'അല്ലാഹു അക്‌ബർ' മുഴക്കി. തുടർന്ന് കോളജ് അധികൃതർ ഇടപെട്ട് പ്രതിഷേധക്കാരെ തടഞ്ഞുനിർത്തുകയായിരുന്നു. കോളജ് അധികൃതരുടെ ഇടപെടലിനെ തുടർന്ന് പെൺകുട്ടി കെട്ടിടത്തില്‍ പ്രവേശിച്ചു.
ഉഡുപ്പിയിലെ കോളജിൽ കഴിഞ്ഞ മാസം ആരംഭിച്ച ഹിജാബ്- കാവി ഷാൾ പ്രശ്നം മറ്റ് കോളജുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഹിജാബ് ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഉഡുപ്പി കോളജിലെ അഞ്ച് മുസ്ലിം പെൺകുട്ടികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് മാണ്ഡ്യ കോളജിലെ സംഭവവികാസങ്ങൾ.