ന്യൂഡല്‍ഹി: ഹിജാബ് വിവാദം ഉയര്‍ത്തികൊണ്ടുവന്നതിന്‍റെ സമയത്തെ ചോദ്യം ചെയ്ത് ബിജെപി. ഹിജാബ് വിവാദം ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം ഹിജാബ് കേസിലെ വാദം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിക്കപ്പെട്ടു.
പൊതുവിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം തേടി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ തന്നെയാണ് ഉപഹര്‍ജി നല്‍കിയത്. എന്നാല്‍ ഉഹര്‍ജി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ കാര്യം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന നിലപാടാണ് കര്‍ണാടക ഹൈക്കോടതി സ്വീകരിച്ചത്.
കുട്ടികള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പുകളുമായി എന്താണ് ബന്ധം എന്ന ചോദ്യമാണ് ഉപഹര്‍ജി നല്‍കിയതില്‍ ബിജെപി ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ പ്രതികരണം. ഹിജാബ് വിവാദം ആസൂത്രണത്തിന്‍റെ ഭാഗമായി ഉയര്‍ത്തികൊണ്ടുവന്നതാണെന്നതില്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണോ എന്നും അദ്ദേഹം ചോദിച്ചു. ഹിജാബ് ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ ഹിജാബോ മറ്റേതെങ്കിലും മത വസ്ത്രങ്ങളോ അണിഞ്ഞ് വിദ്യാലയങ്ങളില്‍ വരാന്‍ പാടില്ലെന്ന ഉത്തരവാണ് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ചത്.
കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് എല്ലാവരും അനുസരിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയി വ്യക്തമാക്കി. ഇന്നലെയാണ് പത്ത് വരെയുള്ള ക്ലാസുകള്‍ കര്‍ണാടകയില്‍ പുനഃരാരംഭിച്ചത്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്ന്നങ്ങള്‍ ചില ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ബൊമ്മയി പറഞ്ഞു. ഹിജാബ് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ എല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഹിജാബ് വിവാദം കര്‍ണാടകയില്‍ ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളജില്‍ ആറ് വിദ്യര്‍ഥിനികള്‍ ക്ലാസില്‍ പ്രവേശിക്കുമ്പോള്‍ ഹിജാബ് അഴിച്ചു വയ്ക്കാന്‍ വിസമ്മതിച്ചാണ് വിവാദത്തിന്‍റെ തുടക്കം. തുടര്‍ന്ന് ഇവരെ ക്ലാസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
തുടര്‍ന്ന് വിവാദം കര്‍ണാടകയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയും സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെടുകയുമായിരുന്നു. സംഘര്‍ഷം കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കര്‍ണാടകയില്‍ അടച്ചിട്ടു. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനഃരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ALSO READ: 'ബിഹാറില്‍ എല്ലാവരും മതവികാരം മാനിക്കുന്നു'; ഹിജാബ് ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍