മുംബൈ: കർണാടയിലെ ഹിജാബ് വിവാദം സുപ്രീം കോടതിയില്‍ എത്തിനില്‍ക്കെ മഹാരാഷ്‌ട്രയിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്. സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ വിലക്കിനെതിരെ മഹാരാഷ്‌ട്രയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം.
ബുര്‍ഖ ധരിച്ചെത്തിയ സ്‌ത്രീകളും പുരുഷന്മാരും മലേഗാവ്, മുംബൈ, സോലാപൂർ, ഔറംഗബാദ്, പൂനെ, ജൽന, അമ്രാവതി എന്നിവിടങ്ങളിലെ തെരുവില്‍ പ്രതിഷേധിച്ചു. നിരവധിയിടങ്ങളില്‍ വൻ പൊലീസ് സന്നാഹത്തെ വിന്യസിപ്പിക്കുകയുണ്ടായി. പ്‌ളക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ആളുകള്‍ തെരുവില്‍ അണിനിരന്നത്. ബഷീർ ഗഞ്ച് ചൗക്കിലെ ചുമരുകളില്‍ ഹിജാബിനെ പിന്തുണച്ച് പോസ്റ്റർ പതിയ്‌ക്കുകയുണ്ടായി.
ALSO READ: നെല്ലിൽ നിന്ന് പഞ്ചസാര സിറപ്പും, പ്രോട്ടീൻ പഥാർദങ്ങളും; പുത്തൻ സാങ്കേതികവിദ്യയുമായി ശാസ്‌ത്രജ്ഞർ
മുംബൈയിലെ നാഗ്‌പാഡയിൽ ഒപ്പുവയ്‌ക്കല്‍ സമരം നടന്നു. എല്ലാ മതത്തിലെയും വ്യക്തികൾക്ക് അവരുടെ മതരീതികള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നു. മുസ്‌ലിം സ്ത്രീകളുടെ ഭരണഘടനാപരമായ ഈ അവകാശം ആർക്കും എടുത്തുകളയാനാകില്ലെന്ന് റയീസ് ഷെയ്ഖ് എം.എൽ.എ പറഞ്ഞു.
സോലാപൂരില്‍ ഹിജാബ് ധരിച്ചെത്തിയവര്‍, കലക്‌ടറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. എ.ഐ.എം.ഐ.എം പാർട്ടിയെ പ്രതിനിധീകരിച്ച് നിരവധി സ്ത്രീകൾ മാർച്ച് നടത്തി. സ്‌കൂളായാലും കോളജായാലും മാർക്കറ്റായാലും ബുർഖയും ഹിജാബും ധരിക്കുമെന്ന് സ്ഥലത്ത് പ്രതിഷേധിച്ചവര്‍ വ്യക്തമാക്കി.