ബെംഗളുരു: കർണാടകയിലെ നിർണായക പരീക്ഷയായ വാർഷിക പിയുസി പരീക്ഷ എഴുതാൻ ഹിജാബ് ധരിച്ച വിദ്യാർഥികളെ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. യൂണിഫോം എല്ലാ വിദ്യാർഥികളും നിർബന്ധമായും ധരിച്ചിരിക്കണമെന്ന് മന്ത്രി അറിയിച്ചു. ഏപ്രിൽ 22 മുതൽ മെയ് 18 വരെയാണ് പരീക്ഷ നടക്കുക.
6,84,255 വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തതായി പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 1,076 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 3,46,936 ആൺകുട്ടികളും 3,37,319 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
1030 കേന്ദ്രങ്ങളിലായി നടക്കുന്ന ലാബ് പരീക്ഷയിൽ 2,67,349 വിദ്യാർഥികൾ പങ്കെടുക്കും. പരീക്ഷാഹാളിനുള്ളിൽ മൊബൈൽ ഫോണിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഹിജാബ് വിവാദം വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത പൊലീസ് സന്നാഹത്തോടെയാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടത്തിയത്. പിയുസി പരീക്ഷയിൽ എല്ലാ പരീക്ഷ കേന്ദ്രങ്ങൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള 200 മീറ്റർ മേഖല നിരോധിത മേഖലയായി പ്രഖ്യാപിക്കും.