ന്യൂഡൽഹി: പ്രായപരിധി, വർദ്ധിച്ച ചെലവ്, കൊവിഡ് ബാധ എന്നിവ മൂലം ഇന്ത്യയിൽ നിന്നുള്ള ഹജ് അപേക്ഷകരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായതായി രാജ്യത്തെ ഹജ്ജ് കമ്മിറ്റികൾ.
കൊവിഡ് പശ്ചാത്തലത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ആകെ 450-500 തീർഥാടകർ മാത്രമാണ് അപേക്ഷിച്ചിട്ടുള്ളതെന്ന് ഡൽഹി സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ മൊഹ്‌സിൻ അലി പറഞ്ഞു.ഉത്തർപ്രദേശിൽ ഇപ്പോൾ രണ്ടായിരത്തോളം തീർഥാടകർ മാത്രമാണ് ഹജ്ജിനായി ഓൺലൈനിൽ അപേക്ഷിച്ചിട്ടുള്ളതെന്ന് ഉത്തർപ്രദേശ് ഹജ്ജ് കമ്മിറ്റി സെക്രട്ടറി രാഹുൽ ഗുപ്ത പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ (എച്ച്സിഐ) പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച്, 18 വയസ് പൂർത്തിയാക്കാത്തവർക്കും 2020 നവംബർ ഏഴിനോ അതിനു മുമ്പോ 65 വയസ് പൂർത്തിയായവർക്കും അപേക്ഷിക്കാൻ കഴിയില്ല.
കൂടാതെ ഹജ് തീർഥാടകർ മുൻ വർഷങ്ങളെ അപേക്ഷിച്ച് 81,000 രൂപയ്ക്ക് പകരം 1.5 ലക്ഷം രൂപ ഗഡുക്കളായി നിക്ഷേപിക്കണം.എച്ച്സിഐ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഹജ്ജ് 2021 നായി ആകെ പ്രതീക്ഷിക്കുന്ന ചെലവ് 3,70,000 രൂപ മുതൽ 5,25,000 രൂപ വരെയാണ്. രോഗവ്യാപനം കണക്കിലെടുത്തു യാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം ഹജ്ജിന് ഇക്കൊല്ലം അനുവദിക്കുന്ന തീർഥാടകരുടെ എണ്ണം 50,000 മാത്രമാണ്.
ഏവിയേഷൻ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം ഹജ് എംബാർക്കേഷൻ പോയിന്റുകളുടെ എണ്ണം 10 ആക്കി കുറയ്ക്കാനും എച്ച്സിഐ തീരുമാനിച്ചു. നേരത്തെ രാജ്യത്ത് 21 ഹജ്ജ് എംബാർക്കേഷൻ പോയിൻറുകൾ ഉണ്ടായിരുന്നു. അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ദില്ലി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, ശ്രീനഗർ എന്നിവയാണ് ഹജ്ജ് 2021 തീർഥാടകരുടെ 10 യാത്രാ കേന്ദ്രങ്ങൾ.