മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അനിൽ ദേശ്‌മുഖിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ഒക്‌ടോബർ 13 വരെ സ്റ്റേ ചെയ്‌തു. വിധി ചോദ്യം ചെയ്‌തുകൊണ്ട് ഇഡി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ബോംബെ ഹൈക്കോടതി ജസ്റ്റിസ് എൻ ജെ ജമാദാറാണ് അനിൽ ദേശ്‌മുഖിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്‌താവിച്ചത്.
ഇ.ഡി അന്വേഷിക്കുന്ന കേസിൽ ജാമ്യം ലഭിച്ചെങ്കിലും സി.ബി.ഐ അന്വേഷിക്കുന്ന അഴിമതി കേസ് നിലനിൽക്കുന്നതിനാൽ ദേശ്‌മുഖിന് ജയിലിൽ തന്നെ തുടരേണ്ടിവരുമായിരുന്നു. പ്രതിയുടെ പ്രായം, ആരോഗ്യം, പശ്ചാത്തലം എന്നിവ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിഭാഷകരായ വിക്രം ചൗധരിയും അനികേത് നികവും ഹൈക്കോടതിയിൽ വാദിച്ചത്. തുടർന്ന് വാദം കേട്ട ജസ്റ്റിസ് എൻ ജെ ജമാദാർ ദേശ്‌മുഖിന് ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് അപേക്ഷയെ എതിർത്തു. അദ്ദേഹത്തിന് ജയിൽ ആശുപത്രിയിൽ ചികിത്സ ഒരുക്കിയിരുന്നുവെന്നും, അവിടെ ചികിത്സിക്കാൻ കഴിയാത്ത അസുഖങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും അനിൽ സിംഗ് വാദിച്ചു.
മുംബൈ പൊലീസ് കമ്മിഷണർ പരം ബീർ സിങ്ങിന്‍റെ ആരോപണത്തെത്തുടർന്നാണ് അനിൽ ദേശ്‌മുഖ് ഇഡിയുടെ പിടിയിലാകുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കെ അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് മുംബൈയിലെ ഹോട്ടലുകളിൽ നിന്നും ബാറുകളിൽ നിന്നും പ്രതിമാസം 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.
കമ്മിഷണറുടെ ആരോപണത്തിന് പിന്നാലെ സിബിഐ ദേശ്‌മുഖിനെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. അതേസമയം ദേശ്‌മുഖ് തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തുവെന്നും മുംബൈയിലെ വിവിധ ബാറുകളിൽ നിന്നും റെസ്റ്റോറന്‍റുകളിൽ നിന്നും 4.7 കോടി രൂപ പിരിച്ചെടുത്തതായും ഇഡി അവകാശപ്പെടുന്നു.
അനധികൃതമായി സമ്പാദിച്ച പണം അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ നിയന്ത്രണത്തിലുള്ള നാഗ്‌പൂർ ആസ്ഥാനമായുള്ള വിദ്യാഭ്യാസ ട്രസ്റ്റായ ശ്രീ സായ് ശിക്ഷൺ സൻസ്ഥാനിലേക്ക് അയച്ചതായും ഇഡി പറയുന്നു.