ചണ്ഡീഗഡ്: വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷനിലെ ഇന്‍റലിജൻസ് പരാജയത്തിൽ വിമര്‍ശനവുമായി പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ആയിരക്കണക്കിന് ഉദ്യോഗസ്ഥരുണ്ടായിട്ടും അമൃതപാൽ എങ്ങനെ രക്ഷപ്പെട്ടുവെന്ന് പഞ്ചാബ് പൊലീസിനോട് കോടതി ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് എൻഎസ് ഷെഖാവത്താണ് പരിഗണിച്ചത്.
'ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നേരത്തേ ആസൂത്രണം ചെയ്‌തതാണ്. പിന്നെ അമൃതപാൽ സിങ് എങ്ങനെ രക്ഷപ്പെട്ടു?. അയാളൊഴികെ മറ്റെല്ലാവരും അറസ്റ്റിലായി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശ്വസിക്കാൻ കഴിയുന്നില്ല. അമൃതപാൽ സിങ് രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അത് പൊലീസിന്‍റെ ഇന്‍റലിജൻസ് സംവിധാനത്തിന്‍റെ പരാജയമാണ്.' - ജസ്റ്റിസ് എൻഎസ് ഷെഖാവത്ത് പൊലീസിനോട് പറഞ്ഞു.
'ബലപ്രയോഗത്തിൽ നിന്ന് വിട്ടുനിന്നു': കോടതിയുടെ ചോദ്യങ്ങള്‍ക്ക് എജി വിനോദ് ഘായി മറുപടി പറഞ്ഞു. പൊലീസ് സേന സായുധരായിരുന്നു. എന്നാൽ തങ്ങൾ ബലപ്രയോഗത്തിൽ നിന്ന് വിട്ടുനിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചില കേസുകൾ കോടതിയിൽ ചർച്ച ചെയ്യാൻ കഴിയാത്തത്ര സെൻസിറ്റീവ് ആണ്. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ദിവസത്തിന് ശേഷമാണ് ഈ കേസ് കോടതി പരിഗണിക്കുക.
ALSO READ| അമൃത് പാൽ സിങ്: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖലിസ്ഥാൻ പ്രക്ഷോഭകർ
നാല് ദിവസം മുന്‍പാണ് ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് ഇയാള്‍ക്കെതിരെ ദേശ സുരക്ഷ നിയമപ്രകാരമുള്ള (എൻഎസ്എ) കുറ്റവും ചുമത്തിയിട്ടുണ്ട്. 1980ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് എൻഎസ്എ നിയമം കൊണ്ടുവന്നത്. ഒരു വാറന്‍റും കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും 12 മാസത്തേക്ക് ജയിലിലടക്കാനും ഈ നിയമ പ്രകാരം കേസെടുക്കാന്‍ ഭരണകൂടത്തിന് കഴിയും. അമൃത്പാൽ സിങ് പിടികിട്ടാപ്പുള്ളിയായി തുടരുമ്പോൾ, അമ്മാവൻ ഹർജിത് സിങ്ങിനേയും അദ്ദേഹത്തിന്‍റെ നാല് സഹായികളേയും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇന്ന് രാവിലെ അസമിലെ ദിബ്രുഗഢ് ജയിലിലേക്കാണ് ഇവരെ മാറ്റിയത്.
അമൃത്പാലിനെ പിന്തുണച്ച് വിദേശങ്ങളില്‍ പ്രതിഷേധം: അമൃത്പാൽ സിങ്ങിനെതിരായ പഞ്ചാബ് പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്‌ച (മാര്‍ച്ച് 19) സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ടിരുന്നു. ഖലിസ്ഥാൻ അനുകൂല പ്രക്ഷോഭകരാണ് ആക്രമണത്തിന് പിന്നില്‍. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കെട്ടിടത്തിന് പുറത്ത് ഖലിസ്ഥാൻ അനുയായികൾ ഇന്ത്യന്‍ ദേശീയ പതാക വലിച്ചെറിഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് സാൻഫ്രാൻസിസ്കോയില്‍ ആക്രമണം.
'ലണ്ടനിലേയും എസ്എഫ്‌ഒയിലേയും ക്രമസമാധാന തകർച്ച ഞങ്ങളെ അസ്വസ്ഥരാക്കുന്നു. ചില തീവ്രവാദികള്‍ ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങളെ പിന്നോട്ടടിക്കുന്നു' - ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസ് (എഫ്ഐഐഡിഎസ്) സംഭവത്തെക്കുറിച്ച് പറഞ്ഞു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യന്‍ കോൺസുലേറ്റിന്‍റെ മുന്‍പിലുണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിച്ച് രാജ്യത്തെ പൗരന്മാരുടെ സംഘടനയിലെ നേതാക്കള്‍ രംഗത്തെത്തി. ഈ അക്രമം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഭീഷണി മാത്രമല്ല, നമ്മുടെ സമൂഹത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും നേരെയുള്ള ആക്രമണം കൂടിയാണെന്നും ഇവര്‍ പറഞ്ഞു.