ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഹെറോയിൻ വേട്ട. ഖത്തർ എയർവേയ്‌സ് 528 വിമാനത്തിൽ ജോഹന്നാസ്ബർഗിൽ നിന്ന് ദോഹ വഴി എത്തിയ രണ്ട് സിംബാബ്‌വെ സ്വദേശികളിൽ നിന്ന് 70 കോടി രൂപവരുന്ന ഹെറോയിന്‍ പിടികൂടി. ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയിരുന്നു. ഇതേതുടർന്നുള്ള പരിശോധനയിൽ പ്രതികൾ കൊണ്ടുവന്ന ബാഗുകളുടെ അടിവശത്ത് ഒരു പ്രത്യേക അറയിൽ ഒളിപ്പിച്ചുവച്ച നിലയിൽ ഹെറോയിൻ കണ്ടെത്തുകയായിരുന്നു. ഒരു ബാഗിൽ നാല് പായ്ക്കറ്റ് വീതം ആകെ എട്ട് പായ്ക്കറ്റുകളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചുവച്ചത്.
ALSO READ: ഓക്സിജനില്ലാതെ മരിച്ചത് അന്വേഷിക്കാൻ 4 അംഗ സമിതി രൂപീകരിച്ച് ഡൽഹി സർക്കാർ
സിംബാബ്‌വെയിൽ നിന്ന് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെന്ന വ്യാജേനയാണ് പ്രതികൾ ഇന്ത്യയിലേക്കെത്തിയത്. ഡൽഹിയിലെ കൊവിഡ് വ്യാപനം കാരണം ഇവർ ചെന്നൈയില്‍ എത്തുകയായിരുന്നു. എൻഡിപിഎസ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.