പട്‌ന: നാമോരോരുത്തരും ഹെൽമെറ്റ് വെയ്‌ക്കുന്നത് റോഡ് സുരക്ഷക്കായാണ്. എന്നാൽ ബിഹാറിലെ മുൻഗർ ജില്ലയിലെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ജില്ല ഓഫീസിലെ ജീവനക്കാർ ഹെൽമറ്റ് ധരിക്കുന്നത് വാഹന അപകടങ്ങളിൽ നിന്ന് രക്ഷനേടാനല്ല. മറിച്ച് ഏത് നിമിഷവും തലയിലേക്ക് വീഴാവുന്ന സീലിങ്ങിൽ നിന്ന് രക്ഷനേടുന്നതിനായാണ്.
തലയിൽ സീലിങ് വീണ് മുൻപും നിരവധി പേർക്ക് പരിക്കേറ്റതിനാലാണ് ജീവനക്കാർക്ക് ഹെൽമെറ്റ് വെച്ച് ജോലിചെയ്യേണ്ടതായി വരുന്നത്. ഏകദേശം എട്ട് മണിക്കൂറോളമാണ് ഇവിടുത്തെ ജീവനക്കാർ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്നത്. ഓഫീസ് മുറി മാത്രമല്ല കെട്ടിടത്തിന്‍റെ എല്ലാ ഭാഗങ്ങളും ദയനീയമായ അവസ്ഥയിലാണ്. അതിനാൽ ജീവനക്കാർ മാത്രമല്ല, ഈ ഓഫീസിലെത്തുന്ന സന്ദർശകരും തല സംരക്ഷിക്കാൻ ഹെൽമറ്റ് ധരിക്കണം.
ഞാൻ കഴിഞ്ഞ നാല് വർഷമായി ഈ ഓഫീസിൽ ജോലി ചെയ്യുന്നു. ഇടയ്‌ക്കിടെ സീലിങിന്‍റെ ഭാഗം താഴേക്ക് ഇളകി വീഴുന്നുണ്ട്. അതിനാൽ ഞങ്ങളുടെ തലയെ സംരക്ഷിക്കാൻ ഹെൽമറ്റ് ധരിക്കാൻ നിർബന്ധിതരാകുന്നു. തലയിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുമ്പോൾ ഞങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്, ഓഫീസിലെ ഉദ്യോഗസ്ഥനായ നിരഞ്ജൻ കുമാർ പറഞ്ഞു.
ALSO READ: സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു
ഈ കെട്ടിടം 1959-ൽ നിർമ്മിച്ചതാണ്, കഴിഞ്ഞ 60 വർഷമായി ഒരു തവണ പോലും ട്രാൻസ്പോർട്ട് കെട്ടിടം നവീകരിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിട്ടില്ല. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന തരത്തിൽ കെട്ടിടം ദുർബലമായിരിക്കുകയാണ്.
നിരവധി തവണ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്തയച്ചെങ്കിലും ശ്രമങ്ങളെല്ലാം പാഴായി. ശുചിമുറിയിൽ പോലും വാതിലുകളും ജനലുകളും ഇല്ല. ഓഫീസ് സൂപ്രണ്ട് വിജയകുമാർ യാദവ് പറയുന്നു.
കൂടാതെ മഴക്കാലത്ത് മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകി അകത്തേക്ക് എത്തുന്നതിനാൽ കുട പിടിച്ച് ജോലി ചെയ്യേണ്ട അവസ്ഥയിലുമാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ. മഴക്കാലമായാൽ മേശയ്ക്കു ചുറ്റും വെള്ളം ഒഴുകുമ്പോൾ സ്ഥിതി വികൃതമാകും. ആ സമയം തലയിൽ ഹെൽമെറ്റിനു പുറമെ കുടയും പിടിക്കണം. മഴക്കാലത്ത് പ്രധാനപ്പെട്ട പേപ്പറുകളും രേഖകളും സംരക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ബുക്കിങ് ക്ലാർക്ക് ദീപക് പറഞ്ഞു.