ഹൈദരാബാദ് : വെള്ളിയാഴ്‌ചയുണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ മേഖലകൾ വെള്ളത്തിനടിയിലായി. തുടർച്ചയായി പെയ്‌ത മഴയിൽ ഓവുചാലുകൾ നിറയുകയും തൊട്ടടുത്ത വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്‌തു. മുട്ടോളം വെള്ളത്തിൽ വാഹനങ്ങളും മുങ്ങി. റോഡിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം തടസപ്പെട്ടു.
ALSO READ: 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്
ഇതിനിടെ പുതുതായി നിർമിച്ച പാലത്തിൽ ഒരു ലോറി കേടായതും ഹൈദരാബാദ്-ബെംഗളൂരു ദേശീയ പാതയിലെ വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. ഇതുമൂലം റോഡിനിരുവശവും മൂന്ന് കിലോമീറ്ററോളമാണ് വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നത്. കൂടാതെ ആരംഘർ-ഷംഷാബാദ് റോഡിലും ഗതാഗതം തടസപ്പെട്ടു.
വെള്ളിയാഴ്‌ച വൈകിട്ട് പെയ്‌ത മഴയിൽ രംഗറെഡ്ഡി ജില്ലയിലെ ഹയാത്ത് നഗർ, വനസ്ഥലിപുരം, എൽബി നഗർ, മൻസൂറാബാദ്, നാഗോൾ, ബിഎൻ റെഡ്ഡി നഗർ, മീർപേട്ട് പ്രദേശങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങി. ശക്തമായ കാറ്റ് മൂലം മണിക്കൂറുകളോളം വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.