ഷിംല: കാലവര്‍ഷക്കെടുതിയില്‍ ഹിമാചല്‍ പ്രദേശില്‍ വ്യാപക നാശനഷ്‌ടം. വിവിധയിടങ്ങളില്‍ ഞായറാഴ്‌ചയുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 7,020.28 കോടി രൂപയുടെ നാശനഷ്‌ടമുണ്ടായിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇത്തവണത്തെ മണ്‍സൂണില്‍ ഏറ്റവും അധികം നാശനഷ്‌ടമുണ്ടായ സംസ്ഥാനം ഹിമാചല്‍ പ്രദേശാണ്.
കനത്ത മഴയിലും പ്രകൃതി ദുരന്തങ്ങളിലും പെട്ട് ഇതുവരെ 257 പേരാണ് മരിച്ചത്. ഇതില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും പെട്ട് മരിച്ചത് 66 പേരും റോഡ് അപകടങ്ങളിലും മറ്റ് ദുരന്തങ്ങളിലും പെട്ട് മരിച്ചത് 191 പേരുമാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി 32 പേരെ കാണാതാവുകയും 290 പേര്‍ക്ക് അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്‌തു.
വ്യാപക നാശനഷ്‌ടം: ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് ഹിമാചല്‍ പ്രദേശില്‍ മണ്‍സൂണ്‍ ആരംഭിച്ചത്. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ നിരവധി നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. വിവിധയിടങ്ങളിലായി 1,376 വീടുകള്‍ പൂര്‍ണമായും 7,935 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടാതെ 270 കടകളും 2,727 കാലി തൊഴുത്തുകളും നശിച്ചു.
ഇത്തവണത്തെ മണ്‍സൂണില്‍ സംസ്ഥാനത്തുടനീളമായി 90 മണ്ണിടിച്ചിലുകളും 55 ഇടങ്ങളില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് രണ്ട് നാഷണല്‍ ഹൈവേകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 450 റോഡുകള്‍ അടച്ചിട്ടു. സംസ്ഥാനത്തെ 1,814 വൈദ്യുതി വിതരണ പദ്ധതികളും 59 ജലവിതരണ പദ്ധതികളും തടസപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി: സംസ്ഥാനത്ത് കനത്ത മഴയും പ്രകൃതി ദുരന്തങ്ങളും തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഓഗസ്റ്റ് 14) വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അവധി പ്രഖ്യാപിച്ചത്. ഇന്ന് നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ റദ്ദാക്കി.
നിര്‍ദേശവുമായി മുഖ്യമന്ത്രി: കനത്ത മഴയില്‍ വിവിധ ജില്ലകളിലുണ്ടായ നാശനഷ്‌ടങ്ങളെ കുറിച്ച് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അതാത് ജില്ല കലക്‌ടര്‍മാരോട് വിശദീകരണം തേടി. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തടസപ്പെട്ട റോഡ് ഗതാഗതം ഉടനടി പുനഃക്രമീകരിക്കണമെന്നും സംസ്ഥാനത്ത് താറുമാറായ വൈദ്യുതി, ജല വിതരണം എന്നിവ വേഗത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഭീഷണിയായി ഹിംലാന്‍ഡിലെ മണ്ണിടിച്ചില്‍: ഹിംലാന്‍ഡ് മേഖലയില്‍ ഇന്നലെയുണ്ടായ (ഓഗസ്റ്റ് 13) ഉണ്ടായ മണ്ണിടിച്ചില്‍ വ്യാപക നാശനഷ്‌ടമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. ഹിംലാന്‍ഡില്‍ ദുരന്ത സാധ്യതയുണ്ടെന്ന് മനസിലാക്കിയത് കൊണ്ട് തന്നെ മേഖലയിലെ ജനങ്ങളെ സുരക്ഷിതയിടത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നുവെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ ആര്‍ക്കിടെക്‌റ്റ് പ്ലാനർ മഹ്ബൂബ് ഷെയ്ഖ് പറഞ്ഞു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് മേഖലയില്‍ ഉരുള്‍ പൊട്ടലുണ്ടായത്.
മഴ ഇനിയും തുടരുമെന്ന് മുന്നറിയിപ്പ്: സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് ഐഎംഡി (ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്) പറഞ്ഞു. ചമ്പ, കാന്‍ഗ്ര, ഹാമിര്‍പൂര്‍, മാണ്ഡി, ബിലാസ്‌പൂര്‍, സോളന്‍, ഷിംല, കുളു, സിര്‍മൗര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്‌ക്കും ബിയാസ്, രഞ്ജിത് സാഗര്‍, പോങ് ഡാം മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.