ഗുവാഹത്തി: കനത്ത മഴയെ തുടര്‍ന്ന് അസമില്‍ വെള്ളപ്പൊക്കം രൂക്ഷം. അഞ്ച് ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചതായി അസം ഭരണകൂടം അറിയിച്ചു. സംസ്ഥാനത്തെ ബ്രഹ്മപുത്ര അടക്കമുള്ള പ്രധാന നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണമായത്.
അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അഞ്ച് ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ടതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്‌തു. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഉദൽഗുരി ജില്ലയിലെ തമുൽപൂരിൽ ഒരാൾ മരിച്ചു.
നദികള്‍ കരകവിഞ്ഞ് ഒഴുകി: നെമതിഘട്ട് (ജോർഹട്ട്), ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് സെൻട്രൽ വാട്ടർ കമ്മിഷൻ (സിഡബ്ല്യുസി) അറിയിച്ചു. തിമാരി (കാംരൂപ്), പഗ്ലഗിയ (നൽബാരി), മനസ് (ബാർപേട്ട) എന്നീ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി.
ബജാലി സബ് ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം ബാധിച്ചത്. 2.60 ലക്ഷം പേരാണ് മേഖലയില്‍ നിന്നും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തില്‍പ്പെട്ടത്.
സുരക്ഷ നല്‍കാന്‍ ദുരിതാശ്വാസ ക്യാമ്പ്: വെള്ളപ്പൊക്കം ബാധിച്ച സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 83 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 14,000ത്തിലധികം ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
രക്ഷപ്രവര്‍ത്തനം ഊര്‍ജിതം: സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ രക്ഷപ്രവര്‍ത്തനം ഊര്‍ജിതമാണ്. അർധ സൈനിക വിഭാഗങ്ങൾ, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് (എഫ് ആൻഡ് ഇഎസ്), സിവിൽ അഡ്‌മിനിസ്ട്രേഷനുകൾ, എൻജിഒകൾ, പ്രദേശവാസികൾ എന്നിവർ ചേര്‍ന്നാണ് രക്ഷപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടുള്ളത്.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും രൂക്ഷം: സോണിത്പൂർ, ബോംഗൈഗാവ്, ദരാംഗ്, ധുബ്രി, ലഖിംപൂർ, മോറിഗാവ്, നൽബാരി, സൗത്ത് സൽമാര, ഉദൽഗുരി എന്നിവിടങ്ങളിൽ വൻതോതിലുള്ള മണ്ണൊലിപ്പ് ഉണ്ടായതായി എഎസ്‌ഡിഎംഎ റിപ്പോർട്ടില്‍ പറയുന്നു. കനത്ത മഴയെ തുടർന്ന് ബോംഗൈഗാവ്, ദിമ ഹസാവോ എന്നിവിടങ്ങളിലെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഉരുള്‍പൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നു. ബാർപേട്ട, ദരാംഗ്, ജോർഹത്ത്, കാംരൂപ് മെട്രോപൊളിറ്റൻ, കൊക്രജാർ ജില്ലകളിലെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി.