ന്യൂഡല്‍ഹി: ഡല്‍ഹിയിലും വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയുടെ സമീപ പ്രദേശങ്ങളിലും തിങ്കളാഴ്‌ച (മെയ് 2) മുതല്‍ ഉഷ്‌ണ തരംഗം കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഢ്-ഡൽഹി, തെക്കൻ ഉത്തർപ്രദേശ്, കച്ച്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മെയ് രണ്ട് മുതല്‍ ചൂട് കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും പരമാവധി താപനിലയിൽ 3-4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
മധ്യ ഇന്ത്യയില്‍ രണ്ട് ദിവസം കൂടി ചൂട് തുടരും: മധ്യ ഇന്ത്യയിലെ ഉഷ്‌ണ തരംഗം അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്നും അതിനുശേഷം ശമനമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തെലങ്കാന, പശ്ചിമ രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മെയ് 1, 2 തീയതികളിൽ ചൂട് അനുഭവപ്പെടും. അതിനുശേഷം ചൂട് കുറയാൻ സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസങ്ങളിൽ മധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പരമാവധി താപനിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാനിടയില്ല. അതിനുശേഷം താപനില 2-3 ഡിഗ്രി സെൽഷ്യസ് കുറയും. ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി കടുത്ത ഉഷ്‌ണ തരംഗമാണ് അനുഭവപ്പെടുന്നത്.
വടക്ക് പടിഞ്ഞാറൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ ശരാശരി പരമാവധി താപനില യഥാക്രമം 35.9, 37.78 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍ മാസമാണ് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും കടന്നു പോയത്. ഡല്‍ഹിയില്‍ ശനിയാഴ്‌ച താപനില വീണ്ടും 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ, കഴിഞ്ഞ 27 വർഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ചൂടേറിയ ഏപ്രിലാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്.
Also read: കടന്നുപോയത് 122 വര്‍ഷത്തിനിടെയുള്ള ഏറ്റവും ചൂടേറിയ ഏപ്രില്‍ മാസം; മെയ് മാസത്തില്‍ ചൂട് ഇനിയും ഉയരും