ഷിമോഗ: കർണാടകയിലെ ഷിമോഗയിലെ സക്രേബൈലു ക്യാമ്പില്‍ കഴിഞ്ഞ ദിവസം നടന്നത് വികാര നിർഭരമായ രംഗങ്ങളാണ്. രണ്ട് വയസുള്ള ആനക്കുട്ടിയെ അമ്മയില്‍ നിന്നും വേര്‍പെടുത്തുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍.
ഉത്സവങ്ങള്‍ക്കും മറ്റുമായി പരിശീലിപ്പിക്കുന്നതിന് വേണ്ടിയാണ് രണ്ട് വയസാകുമ്പോള്‍ ആനക്കുട്ടികളെ അമ്മയില്‍ നിന്നും വേര്‍പെടുത്തി പരിശീലന കേന്ദ്രത്തിലേക്ക് മാറ്റുന്നത്.
അമ്മയെയും കുട്ടിയെയും വടം കൊണ്ട് കെട്ടി വേര്‍പെടുത്തി നിര്‍ത്തി കീഴ്‌പെടുത്തും. പിന്നീട് അമ്മയെ കാട്ടില്‍ നിര്‍ത്തി കുട്ടിയാനയെ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റും. മൂന്ന് ദിവസം നിരീക്ഷണം അതിന് ശേഷം ഇഷ്ട ഭക്ഷണം നല്‍കി മെരുക്കിയെടുക്കും. കുട്ടിയില്‍ നിന്നും വേര്‍പെടുത്തി എട്ട് മുതല്‍ പത്ത് ദിവസം വരെ അമ്മ ആനയെ ഒറ്റയ്‌ക്ക് പരിപാലിക്കും.
മഴ മൂലം മൂന്ന് മാസം വൈകിയാണ് ഇത്തവണ ആനക്കുട്ടിയെ അമ്മയില്‍ വേർപെടുത്തി പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയത്. അന്തരിച്ച ചലച്ചിത്ര താരം പുനീത് രാജ്‌കുമാര്‍ മരിക്കുന്നതിന് ഒരു മാസം മുന്‍പ് ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. പുനീത് രാജ്‌കുമാറിന്‍റെ സ്‌മരണയിലാണ് ആനക്കുട്ടിക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കിയത്.
നടൻ പുനീതിന്‍റെ മരണത്തിന്‍റെ വേദനയില്‍ നില്‍ക്കുമ്പോഴാണ് ആനക്കുട്ടിയെ അമ്മയില്‍ നിന്ന് വേർപിരിക്കുന്നത് എന്നതും വേദനാജനകമാണ്.