ആരോഗ്യം ഒരു സമ്പത്താണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ വന്‍ തോതിലുള്ള മുതല്‍ മുടക്ക് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ രാജ്യത്ത് സ്വകാര്യ ആരോഗ്യ മേഖല മഹത്തായ പുരോഗതി കൈവരിക്കുമെന്ന് നിതി ആയോഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് പകര്‍ച്ചവ്യാധികളും പകര്‍ച്ചവ്യാധികളല്ലാത്ത അസുഖങ്ങളുമൊക്കെ നിലവില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയും അതോടൊപ്പം രാജ്യം ഒരു മഹാമാരിയുടെ പിടിയിലമര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന വേളയില്‍ ഉണ്ടായിരിക്കുന്ന ഈ റിപ്പോര്‍ട്ട് ഏറെ ആശ്ചര്യകാരമായ ഒന്നാണ്.
രാജ്യത്തെ ആരോഗ്യ മേഖലയുടെ 80 ശതമാനം പങ്കാളിത്തം കൈയാങ്കളി കൊണ്ടിരിക്കുന്ന ആശുപത്രി വ്യവസായം ഓരോ വര്‍ഷവും 16 മുതല്‍ 17 ശതമാനം വരെ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് നിതി ആയോഗ് പറയുന്നു. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ആശുപത്രി വ്യവസായം 13200 കോടി ഡോളര്‍ മൂല്യമുള്ള നിലയിലേക്ക് വളര്‍ന്നു വലുതാകുമെന്നും ഈ റിപ്പോര്‍ട്ട് ഉറപ്പിച്ചു പറയുന്നു. മരുന്ന് നിര്‍മ്മാണ, വൈദ്യോപകരണ മേഖലകളുടെ വളര്‍ച്ച കൂടി കണക്കിലെടുക്കുമ്പോള്‍ അടുത്ത വര്‍ഷത്തോടു കൂടി വൈദ്യ സേവന മേഖല 27 ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറും എന്നും നിതി ആയോഗ് കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല, വന്‍ തോതില്‍ വിദേശത്തു നിന്ന് നേരിട്ടുള്ള മുതല്‍ മുടക്ക് ആകര്‍ഷിക്കുവാന്‍ പോകുന്ന ഈ മേഖല ഒരു അനുകൂല ചിത്രമാണ് നല്‍കുന്നതെന്നും നിതി ആയോഗ് ഉയര്‍ത്തി കാട്ടുന്നു.
ആരോഗ്യ ഇന്‍ഷൂറന്‍സ്, ആരോഗ്യ വിനോദ സഞ്ചാരം, ടെലി-മെഡിസിന്‍, സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കികൊണ്ടുള്ള വൈദ്യ സേവനങ്ങള്‍, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയും ഇതോടൊപ്പം തന്നെ വളരുകയും 2017-നും 2022-നും ഇടയിലായി 27 ലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ ആശുപത്രി കിടക്കകളുടെ 65 ശതമാനവും കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം, യു പി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് പറയുമ്പോള്‍ തന്നെ ബാക്കിയുള്ള സംസ്ഥാനങ്ങളിലും ആശുപത്രി കിടക്കകള്‍ ചുരുങ്ങിയത് 30 ശതമാനം കണ്ട് വര്‍ധിക്കുവാനുള്ള സാധ്യതയുണ്ടെന്നും ആയോഗ് കരുതുന്നു.
ഓരോ വര്‍ഷവും ആറു കോടിയോളം ജനങ്ങള്‍ താങ്ങാനാവാത്ത ആശുപത്രി ബില്ലുകള്‍ നല്‍കി കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു രാജ്യമാണ് നമ്മുടേത്. 90 ശതമാനം അസുഖങ്ങളും പ്രാഥമിക തലത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ച് മാറ്റാവുന്നതാണെന്ന ലോക ബാങ്ക് മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തെ ഇവിടെ ഏവരും ഓര്‍ക്കേണ്ടതുണ്ട്. പക്ഷെ ആ വിവേകപൂര്‍ണമായ ശിപാര്‍ശകള്‍ ആരും തന്നെ ഗൗനിക്കുന്നില്ല. ഇക്കാരണത്താല്‍ ആരോഗ്യ സേവനങ്ങള്‍ സമ്പന്നരായ ജനങ്ങള്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നായി അധഃപതിച്ചിരിക്കുന്നു.
കൊവിഡ് പോലുള്ള മാരകമായ അസുഖങ്ങള്‍ അതിശക്തമായി ആഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. പക്ഷെ ഈ പ്രതിസന്ധിയുടെ വേളയിലും നമ്മുടെ ഭരണാധികാരികളുടെ മനസ്ഥിതി കാണുമ്പോള്‍ ആര്‍ക്കുള്ളിലും ഒരു ഭയം ഉറഞ്ഞുകൂടും.
ഒരു രാഷ്ട്രത്തിന്‍റെ പുരോഗതിക്ക് കഴിവുറ്റ മാനവ വിഭവശേഷി അനിവാര്യമാണ്. വ്യക്തികളെ പുരോഗമനാത്മകമായി ഉപയോഗപ്രദമായ വിഭവങ്ങളാക്കി പരിപോഷിപ്പിക്കുവാന്‍ സഹായിക്കുന്ന രണ്ട് ഘടകങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യവും. ഉദാരവല്‍ക്കരണത്തിന്‍റെ വാതായനങ്ങള്‍ എത്രത്തോളം വിശാലമായി തുറന്നു വെച്ചാലും വിദ്യാഭ്യാസവും ആരോഗ്യവും പൊതു മേഖലയില്‍ തന്നെ തുടരേണ്ടത് അനിവാര്യമാണെന്ന് നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍ ആവര്‍ത്തിച്ച് പറയാറുണ്ട്. അദ്ദേഹത്തിന്‍റെ വിശാല വീക്ഷണത്തോടെയുള്ള ഈ വാക്കുകള്‍ പക്ഷെ ബധിര കര്‍ണപുടങ്ങളിലാണ് പതിക്കുന്നത്.
കാനഡ, ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ജര്‍മ്മനി, യു കെ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന വ്യവസ്ഥകള്‍ വളര്‍ന്നു വികസിക്കുന്നത്. എന്നാല്‍ താമസിയാതെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറാന്‍ പോകുന്ന ഇന്ത്യ ഇപ്പോഴും അക്കാര്യത്തില്‍ പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ വന്‍ തുക മുടക്കിയാല്‍ മാത്രമാണ് ആരോഗ്യ പരിപാലനം ലഭ്യമാവുകയുള്ളൂ എന്നതാണ് സ്ഥിതി.
രാജ്യത്തെ 2, 3 തട്ടുകളിലുള്ള പട്ടണങ്ങളിലെ സ്വകാര്യ ആരോഗ്യ മേഖലയെ 2.3 ലക്ഷം കോടി മതിപ്പുള്ള 600 അവസരങ്ങളാണ് കാത്തിരിക്കുന്നത് എന്ന് നിധി ആയോഗ് ആവര്‍ത്തിച്ച് പറയുന്നു. 7.3 കോടി ജനങ്ങള്‍ മധ്യവര്‍ഗ്ഗങ്ങളായി മാറുന്നു എന്നുള്ള ശുഭോതര്‍ക്കമായ വളര്‍ച്ച ഇക്കാര്യത്തില്‍ ഒരു അനുകൂലഘടകം തന്നെയാണെന്നും അവര്‍ പറയുന്നു. വളര്‍ന്നു വരുന്ന മദ്യ ഉപഭോഗത്തോടൊപ്പം ജീവിത ശൈലി രോഗങ്ങളായ അതിരക്ത സമ്മര്‍ദവും ഉയര്‍ന്ന കൊളസ്‌ട്രോളും പൊണ്ണത്തടിയുമൊക്കെ നിലവിലുള്ളത് ആരോഗ്യ സേവനങ്ങള്‍ക്കുള്ള ആവശ്യം അതിഭീമമാംവിധം വര്‍ധിപ്പിക്കുമെന്നും നിധി ആയോഗ് അഭിപ്രായപ്പെടുന്നു.
ഒരാളുടെ ഗതികേട് മറ്റൊരാളുടെ അവസരമാക്കി മാറ്റുവാന്‍ ശ്രമിക്കുന്നതുപോലെ ജനങ്ങളുടെ ദുരിതങ്ങളില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇവിടെ നിതി ആയോഗ് ചെയ്യുന്നത്. തങ്ങളുടെ ദൗര്‍ഭാഗ്യകരമായ അവസ്ഥയില്‍ കോടികണക്കിനാളുകള്‍ ഭയപ്പെട്ട് കഴിയുന്ന വേളയില്‍ പൊതു മേഖലയിലൂടെ വൈദ്യ സേവനങ്ങള്‍ വിശാലമാക്കുക എന്ന ശരിയായ പാതയാണ് സര്‍ക്കാര്‍ കൈകൊള്ളേണ്ടത്. അതിനു പകരം ജനങ്ങളുടെ ദുരവസ്ഥയെ ഒരു അവസരമാക്കി മുതലെടുക്കുവാനാണ് ശ്രമിക്കുന്നത്. എത്ര നിര്‍ഭാഗ്യകരമായ ഒരു പ്രവണതയാണ് ഇത്?
താങ്ങാനാവുന്ന ചികിത്സ കൂടി ഉള്‍പ്പെട്ടതാണ് ആരോഗ്യ അവകാശം എന്ന് സുപ്രീം കോടതി ഊന്നി പറഞ്ഞിട്ടുള്ള കാര്യമാണ്. ഇതേ പാത പിന്തുടരുന്നതായിരിക്കണം സര്‍ക്കാരിന്‍റെ ആരോഗ്യ പരിപാലന നയവും. പ്രാഥമിക ആരോഗ്യ പരിപാലന മേഖലയ്ക്ക് പുതുജീവന്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വൈദ്യ ഉപകരണങ്ങളുടേയും മരുന്ന് നിര്‍മ്മാണ മേഖലയുടേയും വളര്‍ച്ചക്ക് വേണ്ടി രാജ്യം വിദേശ മുതല്‍ മുടക്ക് ഉറ്റുനോക്കേണ്ടി വരുന്ന ഗതികെട്ട സ്ഥിതി വിശേഷം ഒഴിവാക്കിയെടുക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുവാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കേണ്ടത്.