ഹൈദരാബാദ്: നമ്മുടെ രാജ്യത്ത് ചികിത്സാ ചെലവുകൾ ദിനം പ്രതി വർധിച്ച് കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കൊവിഡ് കാലത്തിന് ശേഷം ചെറിയ രോഗങ്ങൾക്ക് പോലുമുള്ള ചികിത്സക്ക് ലക്ഷക്കണക്കിന് രൂപ ചെലവാകുന്ന സംഭവങ്ങൾ നാം കാണുന്നുണ്ട്. അതിനാൽ തന്നെ ഇപ്പോൾ രോഗം വന്നാൽ ആശുപത്രിയിൽ പോകാൻ പോലും പലരും മടിക്കുന്നുമുണ്ട്. ഈ ഘട്ടത്തിൽ ഇക്കാലത്തെ നിർബന്ധിത ആവശ്യകതകളിൽ ഒന്നായി മാറിയിരിക്കുകയാണ് ആരോഗ്യ ഇൻഷുറൻസുകൾ.
കൊവിഡ് വന്നപ്പോൾ ധാരാളം പേർ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നു. ഇപ്പോൾ അവ പുതുക്കാനുള്ള സമയവും ആയിട്ടുണ്ടാവും. ഈ പശ്ചാത്തലത്തിൽ രണ്ട് വർഷത്തേക്കോ മൂന്ന് വർഷത്തേക്കോ ഒന്നിച്ചുള്ള പ്രീമിയം അടക്കുന്നതാണോ നല്ലതെന്ന് പലരും സംശയിക്കുന്നുണ്ട്. വാർഷിക പ്രീമിയം പോളിസികളാണോ, ദീർഘകാല പോളിസികളാണോ ലാഭകരമെന്ന് നമുക്ക് പരിശോധിക്കാം.
വർധിച്ച പ്രീമിയം: വർഷം തോറും പ്രീമിയം അടയ്‌ക്കുമ്പോൾ, വർധിപ്പിച്ച പ്രീമിയം കൂടി പോളിസി ഉടമകൾ അടയ്‌ക്കേണ്ടതുണ്ട്. ഇൻഷുറൻസ് കമ്പനികൾ സാധാരണയായി എല്ലാ വർഷവും അവരുടെ പ്രീമിയം ചെറിയ തോതിൽ വർധിപ്പിക്കുന്നു. വർധിപ്പിച്ച പ്രീമിയം അടയ്‌ക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ദീർഘകാല പോളിസികൾ എടുക്കാം. ദീർഘകാല പോളിസികളിൽ പ്രീമിയം തുക മുൻകൂറായി അടയ്‌ക്കുന്നതിനാൽ പ്രീമിയം വർധിപ്പിച്ചാലും പോളിസി ഉടമകൾ ആ തുക നൽകേണ്ടതില്ല.
ഇളവ്: ഒരു വാർഷിക പോളിസിയുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടോ മൂന്നോ വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കുന്നത് ഭാരമാണ്. എന്നാൽ മുൻകൂറായി പ്രീമിയം അടയ്ക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനികൾ 10 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്. ഓരോ ഇൻഷുറൻസ് കമ്പനിയെ ആശ്രയിച്ച് അത് വ്യത്യാസപ്പെടുന്നുമുണ്ട്.
ഗഡുക്കളായി: ഉയർന്ന തുക പ്രീമിയം അടയ്‌ക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഇൻഷുറൻസ് കമ്പനികളും പോളിസി ഉടമകൾക്ക് കുറച്ച് അയവ് നൽകുന്നുണ്ട്. ആവശ്യമെങ്കിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ദീർഘകാല പോളിസികൾക്ക് മാത്രമല്ല, വാർഷിക പ്രീമിയം അടയ്ക്കുന്ന കാര്യത്തിലും ഇഎംഐ ഉപയോഗിക്കാം.
മുടങ്ങാതിരിക്കാൻ: ചില പ്രത്യേക സാഹചര്യത്തിൽ പോളിസി പുതുക്കാൻ കഴിഞ്ഞെന്ന് വരില്ല. വരുമാന നഷ്‌ടം, അസുഖങ്ങൾ, അപകടങ്ങൾ മുതലായവ ഉണ്ടായാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പോളിസി നിർത്തേണ്ടി വന്നേക്കാം. എന്നാൽ ദീർഘകാല പോളിസികളാണ് എടുക്കുന്നതെങ്കിൽ അത് വർഷങ്ങളോളം നിലനിൽക്കും. കയ്യിൽ പണമുള്ള ഘട്ടത്തിൽ ദീർഘകാല പോളിസി തെരഞ്ഞെടുക്കുകയാണെങ്കിൽ പ്രീമിയം ഭാരമുണ്ടാകില്ലെന്ന് ഉറപ്പാക്കാം.
നികുതി ആനുകൂല്യം: വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് അടയ്‌ക്കുന്ന പ്രീമിയം ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ഡി പ്രകാരം ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ദീർഘകാല പോളിസി എടുക്കുമ്പോൾ ഇത് ഒരു പ്രശ്‌നമല്ല. ഉദാഹരണത്തിന്, മൂന്ന് വർഷത്തെ പോളിസിക്ക് നിങ്ങൾ 45,000 രൂപ പ്രീമിയം അടച്ചുവെന്ന് കരുതുക. അപ്പോൾ ഒരു സാമ്പത്തിക വർഷം 15,000 രൂപ നികുതിയിളവ് ലഭിക്കും. ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് ഒരു സെക്ഷൻ 80ഡി സർട്ടിഫിക്കറ്റ് നൽകും. പുതിയ നികുതി സമ്പ്രദായം തെരഞ്ഞെടുക്കുന്നവർ ഇളവുകൾ കാണിക്കേണ്ടതില്ല.
വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ കണക്കിലെടുത്ത് നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി സമഗ്രമായിരിക്കണം. എങ്കിൽ മാത്രമേ അത് നിങ്ങളെ പൂർണമായി സംരക്ഷിക്കുകയുള്ളൂ എന്ന കാര്യം മറക്കരുത്. അതേസമയം നല്ലൊരു പേയ്‌മെന്‍റ് ചരിത്രമുള്ള ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് പോളിസി എടുക്കേണ്ടത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.