ഹൈദരാബാദ്: അനാഥത്വം തളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രതീക്ഷയാണ് ഹീല്‍ സ്‌കൂള്‍. മാതാപിതാക്കള്‍ മരണപ്പെട്ടും അല്ലെങ്കില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ചുമെല്ലാം ജീവിതത്തിന്‍റെ നല്ലൊരു കാലഘട്ടം നഷ്‌ടപ്പെട്ടേക്കാവുന്ന കുഞ്ഞുങ്ങള്‍ക്കുള്ള ആശ്രയമാണ് ഈ സ്‌കൂളുകള്‍. നിലവില്‍ 2023 -24 അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്‌മിഷന്‍റെ തിരക്കിലാണ് ഇവിടം.
എന്താണ് ഹീല്‍ സ്‌കൂളുകള്‍: 18 വയസില്‍ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് മങ്ങലേല്‍ക്കരുത് എന്ന ആശയത്തിലാണ് ഹീല്‍ സ്‌കൂള്‍ പിറക്കുന്നത്. മാതാപിതാക്കള്‍ ഇരുവരും മരണപ്പെട്ട, അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെട്ട, പീഢനങ്ങളോ പീഡാനുഭവങ്ങളോ നേരിടുകയോ കുടുംബം അവഗണിക്കപ്പെടുകയോ ചെയ്‌ത വിദ്യാര്‍ഥികളില്‍ തുടങ്ങി ഒരു പരിധി വരെ സാമ്പത്തിക ഞെരുക്കങ്ങളും അധകൃത വിഭാഗത്തിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം എത്തിക്കുകയാണ് ഈ ഹീല്‍ സ്‌കൂളുകള്‍.
ഇതില്‍ തന്നെ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ മാതാപിതാക്കള്‍ ഇരുവരും നഷ്‌ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അധ്യായനം ആരംഭിക്കാം. എന്നാല്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലേക്ക് പരിമിതമായ സീറ്റുകള്‍ മാത്രമാവും ഉണ്ടാവുക. അന്താരാഷ്‌ട്രതലത്തിലുള്ള ഡിസ്‌റ്റന്‍സ് എജ്യൂക്കേഷന്‍ ഫാക്കല്‍ട്ടികള്‍ ഉള്‍പ്പടെ ഉയര്‍ന്ന യോഗ്യതകളുള്ള അധ്യാപകരും, സ്മാർട്ട് റൂമുകളിലെ ഓൺലൈൻ ക്ലാസുകളും, സുസജ്ജമായ ലബോറട്ടറികളും, പതിനായിരത്തിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറികളുമായ ഒരു ലോകം.
കുട്ടികളുടെ ലോകം: ഇനി അടിസ്ഥാന സൗകര്യങ്ങളിലേക്ക് കടന്നാല്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്‌റ്റലുകൾ, വിശാലമായ ഡൈനിങ് ഹാൾ, സോളാർ അടുക്കള, ഓർഗാനിക് ഫാം, കാലാനുസൃതമായ പോഷകാഹാര മെനു എന്നിവയില്‍ തുടങ്ങി ആര്‍ഒ കുടിവെള്ളം ഉള്‍പ്പടെ എല്ലാം ഹീല്‍ സ്‌കൂളിലുണ്ട്. വിദ്യാര്‍ഥികളെ പാഠ്യവിഷയങ്ങളില്‍ മാത്രമൊതുക്കാതെ ഇൻ-ഹൗസ് സ്‌കൂൾ ക്ലബ്ബുകളിലും ബാഹ്യ സഹപാഠ്യ പ്രവർത്തനങ്ങളിലും മത്സരങ്ങളിലും ഭാഗമാക്കുകയാണ് ഹീല്‍ സ്‌കൂള്‍.
ഇവ കൂടാതെ ഇന്നവേഷന്‍ ആൻഡ് ഓണ്ടര്‍പ്രണർഷിപ്പ് സെന്റർ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സെന്റർ ഓഫ് എക്‌സലൻസ്, ത്രീ ഡി പ്രിന്റിങിൽ പരിശീലനം തുടങ്ങി എല്ലാത്തിനുമുള്ള സൗകര്യങ്ങളുമുണ്ട്. കായികരംഗത്തെ വളര്‍ച്ചക്കായി അന്താരാഷ്‌ട്ര നിലവാരമുള്ള 400 മീറ്റർ റണ്ണിങ് ട്രാക്ക്, ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ, കബഡി, ഖോ-ഖോ, വോളിബോൾ, ഹാൻഡ്‌ബോൾ കോർട്ടുകൾ, യോഗ ഹാൾ തുടങ്ങിയവയും ഹീല്‍ സ്‌കൂളിന്‍റെ മാറ്റ് കൂട്ടുന്നു.
എല്ലായിടത്തും 'മിന്നുന്ന ഹീല്‍': അനാഥർ, അധഃസ്ഥിതർ, കാഴ്ച പരിമിതിയുള്ളവർ, ഭിന്നശേഷിക്കാര്‍ തുടങ്ങി രാജ്യത്ത് പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ശാക്തീകരിക്കുന്നതിന് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം കൂടിയാണ് ഹീല്‍ സ്‌കൂള്‍. ഹീല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ചിലരെല്ലാം പാട്ട്, നൃത്തം, സ്‌കിറ്റ്, ഉപന്യാസ രചന, സംവാദം തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ദേശീയ സംസ്ഥാന തലത്തില്‍ ഒട്ടനവധി സമ്മാനങ്ങള്‍ നേടിയവരാണ്. പഠനത്തിലേക്ക് കടന്നാല്‍ ഹീലിലെ വിദ്യാര്‍ഥികള്‍ മികച്ച റാങ്കുകൾ കരസ്ഥമാക്കുകയും സർവകലാശാല കാമ്പസുകളിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. കായികതലത്തിലാണെങ്കില്‍ ദേശീയതലത്തില്‍ ആന്ധ്രയെ പ്രതിനിധീകരിക്കുകയും ചെയ്‌തു.
മാത്രമല്ല ഹീല്‍ അവരുടെ ചിരകാല സ്വപ്‌ന പദ്ധതിയായ ഹീല്‍ പാരഡൈസിന്‍റെ അണിയറയിലാണ്. ഇത്തരം കുട്ടികള്‍ക്കായി പരിസ്ഥിതി സൗഹൃദ ഗ്രാമമായ പാരഡൈസില്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള 1,000 അനാഥരും നിരാലംബരുമായ കുട്ടികൾക്കുള്ള വീട് നിര്‍മാണത്തിന്‍റെ തിരക്കിലാണിവര്‍.